സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെയുള്ള സ്റ്റണ്ട് മാസ്റ്റർ എസ്എം രാജുവിന്റെ മരണം; സംവിധായകൻ പാ രഞ്ജിത്ത് അടക്കം 4 പേർക്കെതിരെ കേസ്

ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ എസ് എം രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പെടെ നാല് പേർക്കെതിരെ നാഗപട്ടണം പൊലീസ് കേസെടുത്തു. പാ രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന ‘വേട്ടുവം’ എന്ന ചിത്രത്തിലെ സാഹസിക രംഗം ചിത്രീകരണത്തിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഞായറാഴ്ച രാവിലെ നാഗപട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ നടന്ന സാഹസിക കാർ സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിനിടെ വാഹനം മറിഞ്ഞാണ് എസ്.എം. രാജു മരണപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സിനിമാ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായി.

സിനിമയിൽ ഒരു കാർ റാമ്പിൽ കയറി ഉയർന്ന് പറക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എസ്.എം. രാജു ഓടിച്ചിരുന്ന എസ്‌.യു.വി അതിവേഗത്തിൽ റാമ്പിൽ കയറിയപ്പോൾ ബാലൻസ് നഷ്ടപ്പെട്ട് മലക്കം മറിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൂ അംഗങ്ങൾ വാഹനത്തിലേക്ക് ഓടിയെത്തുന്നതും തകർന്ന കാറിൽ നിന്ന് രാജുവിനെ പുറത്തെടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. തമിഴ് സിനിമയിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ച എസ്.എം. രാജു, കാർ ജംപിങ് സ്റ്റണ്ടുകളിൽ വിദഗ്ധനായിരുന്നു. അദ്ദേഹത്തിന്റെ മരണം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചു.

More Stories from this section

family-dental
witywide