ശുഭാംശുവും സംഘവും നാളെ ഭൂമിയിലെത്തും; പേടകം അൺഡോക്ക് ചെയ്തു, കാത്തിരിപ്പിൽ രാജ്യം

ആക്സിയം 4 ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചുവരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഇന്ത്യൻ സമയം വൈകീട്ട് 4.35-ന് ക്രൂ ഡ്രാഗൺ പേടകം അൺഡോക് ചെയ്തു. ചൊവ്വാഴ്ച‌ വൈകീട്ട് മൂന്നോടെ പേടകം കാലിഫോർണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തിൽ സ്‌പ്ലാഷ് ഡൗൺ ചെയ്യും. അതിനുശേഷം യാത്രികരെ പേടകത്തിൽനിന്ന് പുറത്തെത്തിച്ച് ബോട്ടുകളിൽ പുനരധിവാസകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം ശുഭാംശു അവിടെയായിരിക്കും.

18 ദിവസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വാസത്തിന് ശേഷമാണ് സംഘം തിരിച്ചെത്തുന്നത്. നാസയുടെയും സ്പേസ് എക്സിന്റെയും മിഷൻ കൺട്രോളിൽനിന്ന് അന്തിമ അനുമതി ലഭിച്ചശേഷമാണ് ഡ്രാഗൺ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടുത്തിയത്. പേടകത്തിന്റെ ഫ്ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര മുഴുവൻ നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിർദ്ദേശങ്ങളൊന്നും നൽകേണ്ടതില്ല. സ്വയം നിയന്ത്രിച്ചാണ് ഡ്രാഗൺ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുന്നത്.

അൺഡോക്ക് ചെയ്യുന്നതിനുമുമ്പ് പേടകത്തിന്റെ വാതിൽ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്‌ച വൈകീട്ട് എക്സ‌്ഡിഷൻ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞർ നാൽവർസംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നൽകിയിരുന്നു. ആറ് രാജ്യങ്ങളിൽനിന്നുള്ള വിഭവങ്ങൾ ഉൾപ്പെടുത്തി ഇവർ സംഘാംഗങ്ങൾക്കും വിരുന്ന് നൽകിയിരുന്നു. നിരവധി പരീക്ഷണങ്ങളാണ് സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide