
ന്യൂഡൽഹി: ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും. ആക്സിയം ഫോർ ദൗത്യത്തിൽ പങ്കാളിയായ ശുഭാൻശു നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകൾ. അതേസമയം ശുഭാൻശു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിജയം തിങ്കളാഴ്ച ലോക്സഭയിൽ ചർച്ച ചെയ്യും. ജൂലൈ 15 ന് ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 ന് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയിരുന്നു.
ജൂൺ 25 നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമായിരുന്നു ഇത്. ശുഭാൻശു ഉൾപ്പെട്ട ദൗത്യത്തിൽ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ കമാൻഡറായുള്ള ദൗത്യത്തിൽ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്‌കിയും ഹങ്കറിക്കാരൻ ടിബോർ കാപുവും ഭാഗമായിരുന്നു.