
ന്യൂഡല്‍ഹി : ചെങ്കടലിലെ കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ (സമുദ്രാന്തര കേബിള്‍) മുറിഞ്ഞതിനാല്‍ ഏഷ്യയുടെയും മിഡില്‍ ഈസ്റ്റിന്റെയും ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ തടസ്സപ്പെട്ടെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് കേബിളിന് സംഭവിച്ചതെന്ന് വ്യക്തമല്ല. ചെങ്കടലിലെ സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളുകള്‍ മുറിഞ്ഞതോടെ ഇന്ത്യയിലും പാകിസ്ഥാനിലുമടക്കം ഇന്റര്‍നെറ്റ് വേഗക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്.
ഗാസ മുനമ്പിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെമന്റെ ഹൂത്തി വിമതര്‍ കേബിളുകള്‍ ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയതാകാമെന്നും ആശങ്കയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. മുമ്പും ഇത്തരം ആരോപണങ്ങൾ വന്നിരുന്നെങ്കിലും ഹൂത്തികള്‍ ഇത് അംഗീകരിച്ചിട്ടില്ല.
ഉപഗ്രഹ കണക്ഷനുകളും ഭൗമ കേബിള്‍ ശൃംഖലകള്‍ക്കുമൊപ്പം ഇന്റര്‍നെറ്റിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് കടലിനടിയിലൂടെയുള്ള കേബിളുകള്‍ അഥവാ സമുദ്രാന്തര്‍ കേബിളുകള്‍. ഇത് ലോകത്തിന്റെ ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ വലിയ പങ്കുവഹിക്കുന്നു. അത്തരത്തിലുള്ള സുപ്രധാന ഇന്റര്‍നെറ്റ് കേബിളുകള്‍ കടന്നുപോകുന്ന ഇടനാഴികളിലൊന്നാണ് റെഡ് സീ അഥവാ ചെങ്കടല്‍.
സാധാരണയായി, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ഒന്നിലധികം ആക്സസ് പോയിന്റുകള്‍ ഉണ്ട്, ഒന്ന് പരാജയപ്പെട്ടാല്‍ ട്രാഫിക് വഴിതിരിച്ചുവിടും, എന്നിരുന്നാലും ഇത് ഉപയോക്താക്കളുടെ ആക്സസ് മന്ദഗതിയിലാക്കും.
ചെങ്കടലിലെ ഫൈബര്‍ വിച്ഛേദനം കാരണം വര്‍ധിച്ച ലേറ്റന്‍സി അനുഭവപ്പെട്ടേക്കാമെന്ന് അസ്യൂര്‍ ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ലൗഡ് സേവനദാതാക്കളാണ് മൈക്രോസോഫ്റ്റ് അസ്യൂര്‍. ഇന്റര്‍നെറ്റ് ആക്സസ് നിരീക്ഷിക്കുന്ന സ്ഥാപനമായ നെറ്റ്ബ്ലോക്ക്സ്, ചെങ്കടലിലെ കേബിള്‍ ഔട്ടേജിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കണക്റ്റിവിറ്റി തടസ്സപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്നതായും വാര്‍ത്താ ഏജന്‍സിയായ എപി പറയുന്നു.
സമുദ്രാന്തര നെറ്റ്വര്‍ക്ക് കേബിളുകളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവാന്‍ ആഴ്ചകള്‍ വരെ എടുത്തേക്കാം. കേബിളുകളില്‍ എവിടെയാണ് തകരാര്‍ വന്നതെന്ന് കണ്ടെത്താനും അത് പരിഹരിക്കാനും വിദഗ്ധ സംഘം വേണം. മാത്രമല്ല, കേബിളുകള്‍ മാറ്റി സ്ഥാപിക്കാന്‍ പ്രത്യേക കപ്പലുകള്‍ അടക്കമുള്ള വലിയ സന്നാഹങ്ങളും ആവശ്യമാണ്.