ഗാസ സമാധാന പദ്ധതിചര്‍ച്ച ചെയ്യാനുള്ള ഉച്ചകോടി ഇന്ന് ; കടുപ്പിച്ച് നെതന്യാഹു, ഇസ്രയേലില്‍ നിന്നും ആരും പങ്കെടുക്കില്ല

ന്യൂഡല്‍ഹി : ഗാസയില്‍ സമാധാനം പുലരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന പദ്ധതി ചര്‍ച്ചചെയ്യാനുള്ള രാജ്യാന്തര ഉച്ചകോടി ഇന്ന് ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖില്‍. ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുക. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഇസ്രയേലില്‍ നിന്നും ആരും എത്തില്ല.

ഇസ്രയേലില്‍ നിന്ന് ആരെയും അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയന്‍ എഎഫ്പിയോടു പ്രതികരിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഇസ്രയേല്‍ നിലപാട് കടുപ്പിച്ചത്.

ഉച്ചകോടിയില്‍ ഇരുപതോളം ലോകനേതാക്കള്‍ പങ്കെടുക്കും. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, സ്‌പെയിന്‍ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ കര്‍മപദ്ധതിക്കൊപ്പം പശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനം പുലര്‍ന്നു കാണുന്നതിനു വേണ്ട നടപടികളും ഉച്ചകോടി സമഗ്രമായി ചര്‍ച്ചചെയ്യും. ഉച്ചകോടിയിലേക്ക് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.

More Stories from this section

family-dental
witywide