ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു, സുപ്രധാനമായ ആ വാര്‍ത്ത പുറത്ത് വിട്ട് നാസ, സുനിത വില്യംസും ബാരി വില്‍മോറും തിരിച്ചെത്തുന്നു

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരി വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. നീണ്ട 9 മാസത്തിന് ശേഷമാണ് ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇരുവരുടെയും മടങ്ങിവരവ് ഔദ്യോഗികമായി നാസ പ്രഖ്യാപിച്ചത്. സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലേറി മാര്‍ച്ച് പതിനാറിന് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു.

2024 ജൂണില്‍ സ്റ്റാര്‍ലൈനര്‍ എന്ന സ്‌പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ നിലയത്തില്‍ എത്തിയ ഇവരുടെ മടക്ക വാഹനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ജൂണ്‍ മുതല്‍ ബഹിരാകാശത്ത് പെട്ടുപോയത്. സ്റ്റാര്‍ലൈനറിന്റെ മനുഷ്യരെയും വഹിച്ചുള്ള ഐ എസ് എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസും വില്‍മോറും ഭൂമിയില്‍ നിന്ന് യാത്ര തിരിച്ചത്. ജൂണ്‍ ഏഴിന് ഐ എസ് എസിലെത്തി ജൂണ്‍ 13 ന് മടങ്ങുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കം സാധ്യമായില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്റ്റാര്‍ലൈന്‍ ബഹിപരാകാശ പേടകം ഇവരില്ലാതെയാണ് മടങ്ങിയത്.