തിരുവനന്തപുരം: കെപിസിസിക്ക് ഇനി സണ്ണി ഡെയ്സ്. കെ സുധാകരനിൽ നിന്ന് കെപിസിസി അധ്യക്ഷ സ്ഥാനം പേരാവൂർ എംഎൽഎയായ സണ്ണി ജോസഫ് ഏറ്റെടുത്തു. ക്രൈസ്തവ വിഭാഗത്തിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെത്തുന്നത് 21 വർഷത്തിന് ശേഷമാണ്. സാമുദായിക സന്തുലനത്തിന്റെ ഭാഗമായി ഈഴവ വിഭാഗത്തിൽ നിന്നുള്ള അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറാക്കി. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരായി എ.പി.അനിൽകുമാറും പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശും ചുമതലയേറ്റു. 56 ഇഞ്ച് നെഞ്ച് അളവിനോടും ഇരട്ടച്ചങ്കിനോടും തുടർന്നും നോ കോംപ്രമൈസ് പ്രഖ്യാപിച്ച് വിടവാങ്ങൽ പ്രസംഗത്തിലും സുധാകരൻ ആവേശം പകർന്നു
അഭിമാനവും സന്തോഷവും നിറഞ്ഞ ദിവസമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. സൗമ്യനായ നേതാവാണ് സണ്ണി ജോസഫ്. ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ചു നിൽക്കുന്നയാൾ. വളരെ ധീരനായ നേതാവിനെ തന്നെയാണ് പുതിയ അധ്യക്ഷനാക്കിയത്. അടൂർ പ്രകാശിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഇനി കോൺഗ്രസിന് വരാൻ പോകുന്നത് സണ്ണി ഡേയ്സെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സന്തോഷകരമായ മുഹൂർത്തമാണിത്, വെല്ലുവിളികൾ നേരിടുന്ന കാലത്താണ് പുതിയ നേതൃത്വം വരുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിരവധി നേട്ടങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായി. ഈ നേട്ടങ്ങളുമായി മുന്നോട്ടു പോകാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ. ഇനി കോൺഗ്രസിന് വരാൻ പോകുന്നത് സണ്ണി ഡേയ്സാണ്. സണ്ണി ഡെയ്സ് വരുന്നതോടെ കേരളത്തിൽ പുതുചരിത്രം എഴുതാൻ കഴിയും. തെരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിഞ്ഞ വ്യക്തിയാണ് സണ്ണി ജോസഫ്. സണ്ണി ജോസഫ് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രതിനിധി അല്ല, കോൺഗ്രസിൻ്റെ പ്രതിനിധിയാണ്. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഇന്ദിരാ ഭവനിൽ പ്രവർത്തകരുടെ ആവേശ വരവേൽപ് ഏറ്റുവാങ്ങിയാണ് 38ാമത് കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റത്. വർക്കിങ് പ്രസിഡണ്ടുമാരായി ചുമതലയേറ്റ എ.പി. അനിൽകുമാറിനെയും പി.സി വിഷ്ണുനാഥിനെയും ഷാഫി പറമ്പിലിനെയും ചുമലിലേറ്റി തലമുറ മാറ്റം ആഘോഷമാക്കി പ്രവർത്തകർ.














