
തൃശൂര്‍: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടി എൻഎം വിജയൻ്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും, എന്നാൽ അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും നിറവേറ്റിക്കൊടുക്കാൻ സാധിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിൻ്റെയോ കേസിൻ്റെയോ അടിസ്ഥാനത്തിൽ അല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അങ്ങനെയൊരു കരാറില്ലെന്നും, വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും ചെയ്യാൻ പാർട്ടിക്കു ആഗ്രഹമുണ്ടെങ്കിലും നിലവിൽ അതിനുള്ള സാമ്പത്തിക ശേഷി കോൺഗ്രസ് പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി പൊലീസ് കറുത്ത മുഖംമൂടി അണിയിച്ച് കോടതിയിൽ ഹാജരാക്കിയ കെഎസ്‌യു പ്രവർത്തകരെ വിയ്യൂർ ജില്ലാ ജയിലിലെത്തി സന്ദർശിച്ച ശേഷമാണ് സണ്ണി ജോസഫ് ഈ വിഷയങ്ങളിൽ പ്രതികരിച്ചത്. രാഷ്ട്രീയ എതിരാളികൾക്കെതിരെ പോലീസിനെ ആയുധമാക്കുന്നത് പിണറായി സർക്കാരിന്റെ തെറ്റായ നയമാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ വിഷയങ്ങൾ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് സംഭവം പോലീസ് അന്വേഷിക്കട്ടെ. പോലീസ് വസ്തുനിഷ്ഠമായ അന്വേഷണം ആദ്യമേ നടത്തിയിരുന്നെങ്കിൽ നിരപരാധിയെന്ന് ഇപ്പോൾ പറയുന്ന തങ്കച്ചനെ അറസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നില്ല. കാർപോർച്ചിൽ മദ്യവും സ്ഫോടക വസ്തുവും വെച്ചെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൻ്റെ വിശ്വാസ്യതയായിരുന്നു പോലീസ് ആദ്യം അന്വേഷിക്കേണ്ടിയിരുന്നത്. നിരപരാധിയായ തങ്കച്ചനെ 17 ദിവസം റിമാൻഡ് ചെയ്യേണ്ടി വന്നത് പോലീസിൻ്റെ വീഴ്ചയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.