
അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ശതകോടീശ്വരന്‍ മസ്‌കും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ടെസ്‌ലയിൽ അപ്രതീക്ഷിത രാജി. ടെസ്‌ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ മിലാന്‍ കോവാക്കാണ് രാജിവച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് രാജിവെക്കുന്നത് എന്നാണ് വിശദീകരണം. രാജിക്ക് പുതിയ സാഹചര്യങ്ങളുമായി ബന്ധമില്ലെന്ന് കോവാക് വ്യക്തമാക്കിയിട്ടുണ്ട്.
ഓട്ടോണമസ് സാങ്കേതികവിദ്യയിലും റോബോട്ടിക്‌സിലും ടെസ്‌ല ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്തെ രാജി കമ്പനിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഒമ്പത് വര്‍ഷത്തിലേറെയായി ടെസ്ലയിലുള്ളയാളാണ് കോവാക് . 2024 സെപ്റ്റംബറില്‍ ഒപ്ടിമസ് പ്രോഗ്രാമിന്റെ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. ടെസ്‌ല ഈ വര്‍ഷം വന്‍തോതില്‍ ഉത്പാദനം ലക്ഷ്യമിടുന്ന ഒപ്ടിമസ് റോബോട്ടിന്റെ വികസനത്തിനായിരുന്നു അദ്ദേഹം നേതൃത്വം നൽകിയിരുന്നത്.
ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ടീമിനെ നയിക്കുന്ന അശോക് ഇല്ലുസ്വാമിയായിരിക്കും കോവാകിന്റെ അസാന്നിധ്യത്തിൽ ചുമതലകള്‍ ഏറ്റെടുക്കുകയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിൽ പറയുന്നു. റോബോട്ട് ഉത്പാദനത്തിന് നിര്‍ണായകമായ റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍ക്കുമേല്‍ ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള ടെസ്‌ല നേരിടുന്ന വെല്ലുവിളികള്‍ക്കിടയിലാണ് കോവാകിന്റെ പിന്മാറ്റം.
ജീവിതതത്തിലെ ഏറെ വിഷമകരമായ തീരുമാനം എടുക്കേണ്ടി വന്നു. ഏറെ കാലമായി വീട്ടിൽ നിന്ന് അകലെയായിരുന്നു.വിദേശത്തുള്ള കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. ഇതാണ് രാജിക്കുള്ള ഏക കാരണം. മറ്റൊന്നുമായും അതിന് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ 9 വര്‍ഷത്തിലേറെയായി എ.ഐ- എന്‍ജിനീയറിംഗ് മേഖലകളിലെ ഏറ്റവും മികച്ചവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചു. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന തരത്തിൽ സൗഹൃദങ്ങള്‍ സ്ഥാപിച്ചു. ഒപ്ടിമസിനെ ടെസ്‌ല അടുത്ത തലത്തിലേക്ക് കൊണ്ടുപോകും എന്നതില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അതിന് എന്റെ പിന്മാറ്റം അതിന് ഒരു മാറ്റവും വരുത്തില്ല. ടെസ്ല വിജയിക്കും, ഞാന്‍ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കുന്നു.