
ദില്ലി: ആഗോള അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി. അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കിയതിനൊപ്പം സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കൂടാതെ സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ദേവസ്വം ബോർഡ് പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താനെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്നും സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാര്‍ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡും കേസിൽ തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു.