
ന്യൂഡല്‍ഹി : രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് കാരണമായ വഖഫ് (ഭേദഗതി) നിയമത്തിലെ ചില നിര്‍ണായക വ്യവസ്ഥകള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. അവയില്‍ ചിലത് ‘ഏകപക്ഷീയമായ’ അധികാര വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നീക്കം. അന്തിമ ഉത്തരവ് വരുന്നതുവരെയാണ് ഭാഗിക സ്‌റ്റേ. ‘ചില വിഭാഗങ്ങള്‍ക്ക് ചില സംരക്ഷണം ആവശ്യമാണെന്നും’ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് എ ജി മാസിഹും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
കേന്ദ്രസർക്കാരിന് തിരിച്ചടി
വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ വഖ്ഫ് നിയമ ഭേദഗതിക്കാണ് സുപ്രിംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടത്. പൂര്‍ണമായും സ്റ്റേ ചെയ്യാതിരുന്ന കോടതി, അപൂര്‍വ സമയങ്ങളില്‍ മാത്രമെ സമ്പൂര്‍ണമായി സ്റ്റേ ഉണ്ടാകൂവെന്ന് പറഞ്ഞു.
വിധിയിലെ പ്രധാന ഭാഗങ്ങള്‍
- അഞ്ചുവര്‍ഷം വിശ്വാസിയായിരിക്കണം എന്ന വകുപ്പ് സ്റ്റേ ചെയ്തു
- ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിംകള്‍ പാടില്ല
- വഖ്ഫ് സ്വത്തിന്‍മേലുള്ള കലക്ടറുടെ അധികാരം നീക്കി
- അമുസ്ലിംകള്‍ക്കും ബോര്‍ഡ് സിഇഒ ആകാം
- അന്തിമ ഉത്തരവ് വരെ വഖ്ഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരും
ഉപയോഗത്തിലൂടെ വഖ്ഫ് ആയതടക്കമുള്ള ഏതെങ്കിലും സ്വത്തുക്കള്‍ വഖ്ഫ് അല്ലെന്ന് പ്രഖ്യാപിക്കരുത്, കേന്ദ്ര വഖ്ഫ് കൗണ്‍സിലിലും സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലും എക്‌സ് ഒഫിഷ്യോ അംഗങ്ങളൊഴികെ അമുസ്ലിംകളെ നിയമിക്കരുത്, വഖ്ഫ് സ്വത്തിന്മേലുള്ള അവകാശവാദത്തില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുന്നഘട്ടത്തില്‍ പ്രസ്തുത സ്വത്ത് വഖ്ഫായി കണക്കാക്കില്ലെന്ന വ്യവസ്ഥ നടപ്പാക്കരുത് എന്നീ ഉത്തരവുകളാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. ഇതിനെ തുടര്‍ന്നാണ് നിയമത്തിന്റെ സാധുതയെ ചൊല്ലി വാദം നടന്നത്.
വഖ്ഫുകളുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തില്‍ ചെയ്തിരിക്കുന്നതുപോലെ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍ അഹിന്ദുക്കളെയും ഉള്‍പ്പെടുത്താന്‍ അനുവദിക്കുമോയെന്ന് ബഞ്ച് നേരത്തെ ചോദിക്കുകയുണ്ടായി. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്തയുടെയും മുസ്ലിം ലീഗിന്റെതും ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹർജികള്‍ ആണ് കോടതിയിലുണ്ടായിരുന്നത്. ഇതില്‍ അഞ്ചു ഹർജിക്കാരുടെ വാദങ്ങളാണ് കോടതി കേട്ടത്. ബാക്കിയുള്ളതെല്ലാം പ്രത്യേക അപേക്ഷയായിട്ടാണ് കോടതി പരിഗണിച്ചത്.















