
ഡൽഹി: ബലാത്സംഗ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതകളുടെ വാദം കേൾക്കണമെന്ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. കോഴിക്കോട് നടന്ന ഒരു ബലാത്സംഗ കേസിൽ പ്രതി മുൻകൂർ ജാമ്യം തേടി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എൻ.വി. അഞ്ജാരിയയും അടങ്ങിയ ബെഞ്ച് ഈ വിധി പ്രസ്താവിച്ചത്. ഇരയുടെ വാദം കേൾക്കാതെ പ്രതി വിചാരണ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു, എന്നാൽ ഇത് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ തീരുമാനത്തിനെതിരെ പ്രതി നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.
പ്രതിക്കു വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട് ഹാജരായി, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശിയും അഭിഭാഷക മീന കെ. പൗലോസും കോടതിയിൽ വാദിച്ചു. അതിജീവിതയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷക അനിത ഷേണായ് ഹാജരായി. ഇരകളുടെ വാദം കേൾക്കാതെ മുൻകൂർ ജാമ്യം അനുവദിക്കുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിധി ബലാത്സംഗ കേസുകളിൽ ഇരകൾക്ക് കൂടുതൽ നീതി ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.












