ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ചൂതാട്ട പ്ലാറ്റ്ഫോമുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രസർക്കാരിൻ്റെ പ്രതികരണം തേടി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ പ്രതികരണം തേടിയത്.
ഇ-സ്പോർട്സിൻ്റെയും സാമൂഹിക ഗെയിമുകളുടെയും മറവിൽ നടക്കുന്ന ഓൺലൈൻ വാതുവെപ്പും ചൂതാട്ടവും രാജ്യത്തിന് വലിയ സാമ്പത്തികവും സാമൂഹികവുമായ ഭീഷണിയാണ്. രാജ്യത്തെ 65 കോടിയിലധികം പേരെ ഓൺലൈൻ ചൂതാട്ടം ബാധിക്കുന്നുവെന്നും, ഇത് സാമ്പത്തിക പ്രതിസന്ധി, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ആത്മഹത്യകൾ എന്നിവയിലേക്ക് നയിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
കൂടാതെ, അനധികൃത വിദേശ ഗെയിമിംഗ് കമ്പനികൾ 2 ലക്ഷം കോടിയിലധികം രൂപയുടെ നികുതി വെട്ടിച്ചതായും ഹർജിക്കാർ ആരോപിക്കുന്നു. പ്രമുഖ ക്രിക്കറ്റ് താരങ്ങളും സിനിമാ നടന്മാരും ഇത്തരം അനധികൃത ഗെയിമുകൾക്ക് പരസ്യം നൽകി ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും രജിസ്റ്റർ ചെയ്യാത്ത ഗെയിമിംഗ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തടയാൻ ആർ.ബി.ഐ., എൻ.പി.സി.ഐ. തുടങ്ങിയ പണമിടപാട് സംവിധാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.















