തെരുവ് നായ്ക്കളെ എട്ടാഴ്ച്ചക്കുള്ളില്‍ കൂട്ടിലടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി; വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളേയും കക്ഷി ചേര്‍ത്തു

സുപ്രീംകോടതിയുടെ തന്നെ ഡല്‍ഹിയിലെ തെരുവ് നായ്ക്കളെ എട്ടാഴ്ച്ചക്കുള്ളില്‍ കൂട്ടിലടയ്ക്കണമെന്ന ഓഗസ്റ്റ് 11ലെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത, ജസ്റ്റിസ് എന്‍ വി അഞ്ചാരി എന്നിവരടങ്ങിയ മൂന്നംഗ് ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. അക്രമകാരികളല്ലാത്ത നായ്ക്കളെ വന്ധീകരിച്ച ശേഷം തെരുവിലേക്ക് തന്നെ തുറന്ന് വിടണമെന്ന് കോടതി ഉത്തരവിറക്കി. രാജ്യത്തെ തെരുവ് നായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ദേശീയ നയം രൂപീകരിക്കാൻ കോടതി നിർദേശിച്ചു. വിഷയത്തില്‍ സംസ്ഥാനങ്ങളെയും സുപ്രീംകോടതി കക്ഷി ചേര്‍ത്തു.

തെരുവ് നായ്ക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ അനുവദിക്കാതെ പ്രത്യേക കേന്ദ്രങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മൃഗസ്‌നേഹികള്‍ക്ക് വേണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നായ്ക്കളെ ദത്തെടുക്കാം. സമാന വിഷയത്തില്‍ ഹൈക്കോടതികളില്‍ തീരുമാനമാകാത്ത കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. കൂടാതെ രാജ്യത്ത് എബിസി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള വിവരം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും, മൃഗസംരക്ഷണ വകുപ്പുകള്‍ക്കും കോടതി നോട്ടീസ് നല്‍കി. വിഷയത്തിൽ സംസ്ഥാനങ്ങളെ കക്ഷി ചേര്‍ക്കാനുള്ള നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

More Stories from this section

family-dental
witywide