
ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിൽ ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം.
പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ബെഞ്ചിലെ രണ്ടു ജസ്റ്റിസുമാരും പറഞ്ഞു. ജനങ്ങളിൽനിന്ന് ടോൾ വാങ്ങി അവർക്ക് അതിന്റെ സേവനം നൽകാതിരിക്കലാണിത്. റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന് അവിടുത്തെ സാഹചര്യം വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമാണത്തിലെ കാലതാമസം പരിഹരിക്കാനാണ് ഫെബ്രുവരി മുതൽ ഹൈക്കോടതി ശ്രമിച്ചതെന്നും അനുകൂല പ്രതികരണം ഇല്ലാത്തതിനെ തുടർന്നാണ് ടോൾപ്പിരിവി നിർത്തിവയ്ക്കാനുള്ള ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി.
Supreme Court strongly criticizes National Highways Authority on Paliyekkara toll