വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയവുമായി ബന്ധപ്പെട്ട പ്രധാന വിഷയത്തിൽ സുപ്രീംകോടതി ബുധനാഴ്ച വിധി പറയാനൊരുങ്ങുന്നു. താരിഫ് അമേരിക്കയിലെ ഇറക്കുമതിക്കാരെയും ബാധിക്കുകയാണ്. താരിഫിന്റെ ഭാരമേറ്റുന്നത് ചൈന അല്ല, ഇറക്കുമതിക്കാരായ ഞങ്ങളാണെന്ന് പെൻസിൽവാനിയയിലെ റെയിൻകേപ്പർ എന്ന ചെറുകിട സ്ഥാപനത്തിന്റെ സഹഉടമ ലിൻഡ്സി ഹേഗർമാൻ പറയുന്നു.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ താരിഫ് നിരക്കുകൾ 10 ശതമാനത്തിൽ നിന്ന് 145 ശതമാനം വരെ മാറ്റം വന്നതോടെ വിലനയം നിശ്ചയിക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടായെന്ന് ഹേഗർമാൻ വ്യക്തമാക്കി. റെയിൻകേപ്പറിൽ രണ്ടുപേർ ജോലി നഷ്ടപ്പെട്ടു. ചില ചെലവുകൾ ചുരുക്കേണ്ടിവന്നതായും ഹേഗർമാൻ പറഞ്ഞു. ചൈനയിൽ നിന്നുള്ള കുടകളും റെയിൻകേപ്പുകളും യുഎസിൽ നിർമ്മിക്കാനാവാത്തതിനാൽ, ഹേഗർമാന്റെ കമ്പനി ട്രംപിന്റെ വ്യാപാരയുദ്ധത്തിന്റെ നേരിട്ടുള്ള ബാധിതരിൽ പെടുന്നു.
താഴ്ന്ന കോടതികൾ ട്രംപിന്റെ വ്യാപകമായ താരിഫ് തീരുമാനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സുപ്രീംകോടതിയും അതേ നിലപാട് സ്വീകരിച്ചാൽ, ട്രംപിന് വിദേശരാജ്യങ്ങളുമായുള്ള ചർച്ചകളിൽ താരിഫ് സമ്മർദ്ദം ഉപയോഗിക്കുന്നതിൽ തടസ്സമാകും. ചെറിയ ബിസിനസുകൾ താരിഫ് മാറ്റങ്ങൾ കാരണം വിലക്കയറ്റം, ഇറക്കുമതി ചെലവുകൾ എന്നിവ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയാണ്.
Supreme Court to examine Trump’s jurisdiction; Preparing to settle tariff dispute, US traders say tariffs will affect importers














