
ന്യൂഡല്‍ഹി : വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സുപ്രീം കോടതി പരിഗണിക്കും. നിയമനിര്‍മ്മാണത്തിന്റെ ഭരണഘടനാ സാധുതയ്ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി സമര്‍പ്പിച്ച ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഈ വിഷയത്തില്‍ 10 ഹര്‍ജികള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ മുന്നില്‍ 13ാം കേസായാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിയമത്തിനെ എതിര്‍ത്ത് നിരവധി ഹര്‍ജികള്‍ എത്തിയിട്ടുണ്ടെങ്കിലും എല്ലാം ലിസ്റ്റ് ചെയ്തിട്ടില്ല.
നിയമത്തെ ചോദ്യം ചെയ്ത് അസദുദ്ദീന്‍ ഉവൈസിയെക്കൂടാതെ, അമാനത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ്, അര്‍ഷദ് മദനി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഞ്ജും ഖാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഷെഫി(എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ്) മുഹമ്മദ് ഫസലുല്‍ റഹീം, ഡോ. മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിക്കുക. പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന അപേക്ഷകളും ഹര്‍ജികളുടെ ഭാഗമാണ്.