ഗവർണർ – സർക്കാർ വിസി നിയമനത്തിൽ പരിഹാരവുമായി സുപ്രീം കോടതി; സ്ഥിരം വിസിമാരെ കണ്ടെത്താനുള്ള സെർച്ച് കമ്മറ്റി രൂപീകരിക്കും

ദില്ലി: സംസ്ഥാനത്തെ കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. ഇരുസർവകലാശാലകളിലും സ്ഥിരം വിസിമാരെ കണ്ടെത്താനുള്ള സെർച്ച് കമ്മറ്റി സുപ്രീംകോടതി രൂപീകരിക്കും. നാല് പേർ വീതമുള്ള പാനലുകൾ നൽകാൻ സർക്കാരിനോടും ഗവർണറോടും സുപ്രീംകോടതി നിർദ്ദേശിച്ചു.സെർച്ച് കമ്മിറ്റി രൂപീകരണത്തെ ചൊല്ലിയുള്ള തർക്കം സ്ഥിരം വിസിമാരെ നിയമിക്കുന്നതിൽ പ്രതിസന്ധിയാകുമ്പോളാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

ഇരുസർവകലാശാലകൾക്കും സമയബന്ധിതമായി വിസിമാരെ നിയമിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.പ്രശ്നം പരിഹരിക്കാൻ കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. സർവകലാശാല നിയമം അനുസരിച്ച് പേരുകൾ നിർദ്ദേശിക്കാൻ സംസ്ഥാനത്തിനാണ് അധികാരമെന്ന് സർക്കാർ വാദിച്ചു. യുജിസി നിയമം അനുസരിച്ചാണ് മുന്നോട്ട് പോകേണ്ടതെന്ന് ഗവർണർ വ്യക്തമാക്കി. ഇതോടെയാണ് തർക്കപരിഹാരം എന്ന നിലയിൽ കോടതിയുടെ നീക്കം.

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകൾ വീതം കൈമാറണം. ഒരു യുജിസി പ്രതിനിധിക്കു പുറമെയുള്ളവരെ ഈ പാനലുകൾ പരിശോധിച്ച് സുപ്രീംകോടതിി നിശ്ചയിക്കും. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ പേര് നല്കാനാണ് നിർദ്ദേശം. ഗവർണറോട് സെർച്ച് കമ്മറ്റിയുടെ കാര്യത്തിൽ സ്താംഭനാവസ്ഥ സൃഷ്ടിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ഏകപക്ഷീയമായി ഗവർണർ താൽകാലിക വിസിമാരെ നിയമിച്ചത് റദ്ദാക്കണമെന്ന സംസ്ഥാനത്തിൻ്റെ വാദത്തോട് ഇതിനെ ചൊല്ലിയുള്ള തർക്കം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്നും സർക്കാരും ഗവർണറും ചർച്ച നടത്തി പരിഹാരത്തിലേക്ക് നീങ്ങണമെന്നും കോടതി നിർദേശിച്ചു.

സുപ്രീംകോടതിയിൽ ഗവര്‍ണര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, മുതിർന്ന അഭിഭാഷകന്‍ പി. ശ്രീകുമാര്‍, അഭിഭാഷകന്‍ വെങ്കിട്ട സുബ്രമണ്യം ടി.ആര്‍. എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരും ഹാജരായി.

More Stories from this section

family-dental
witywide