രാജ്യസഭയിൽ ബ്രിട്ടാസും സുരേഷ് ഗോപിയും നേർക്കുനേർ, വഖഫിൽ തുടങ്ങി എമ്പുരാനും ലെഫ്റ്റ് റെറ്റ് ലെഫ്റ്റിലുമടക്കം പോർവിളി

ഡൽഹി: വഖഫ് ഭേദഗതി ബില്ലിലെ ചർച്ചക്കിടെ ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മിൽ രാജ്യസഭയിൽ വാഗ്വാദം. വഖഫ് ബില്ലിൽ തുടങ്ങിയ ചർച്ചയിൽ എമ്പുരാനും ടി പി 51 ഉം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റുമടക്കമുള്ള സിനിമകളും ഇരുവരും തമ്മിലുള്ള വാഗ്വാദത്തിനിടയിൽ ഉയർന്നുവന്നു. കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ജോൺ ബ്രിട്ടാസാണ് ആദ്യം പോർവിളി നടത്തിയത്. വഖഫ് ഭേദഗതിക്കെതിരെ ആഞ്ഞടിച്ച ബ്രിട്ടാസ്, ബി ജെ പി ബഞ്ചിൽ എമ്പുരാനിലെ മുന്നയുണ്ടെന്നതടക്കമുള്ള വിമർശനം ഉയർത്തി. നേമത്തെ പോലെ തൃശൂരും പറ്റിയ തെറ്റ് തിരുത്തുമെന്നും ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.

ഇതിനുള്ള മറുപടിയുമായാണ് സുരേഷ് ഗോപി എഴുന്നേറ്റത്. എമ്പുരാൻ സിനിമയെ പറ്റി പറയുന്നവർക്ക് ടി പിയെ പറ്റിയുള്ള സിനിമയെ പറ്റി പറയാൻ പറ്റുമോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയും ഓർമ്മിപ്പിച്ച സുരേഷ് ഗോപി, മുഖ്യമന്ത്രിക്ക് ആ സിനിമ വീണ്ടും റിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്നും ചോദിച്ചു. എമ്പുരാൻ സിനിമയിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് സമ്മർദം ചെലുത്തിയിട്ടില്ലെന്നും വിവരിച്ചു. സിനിമയിൽ നിന്നും തന്‍റെ പേര് നീക്കാൻ ആദ്യം പറഞ്ഞത് താൻ തന്നെയാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. സിനിമയിൽ വരുത്തേണ്ട മാറ്റങ്ങൾ താനല്ല തീരുമാനിക്കുന്നതെന്നും അത് പ്രൊഡ്യൂസറുടെയും സംവിധായകന്റെയും തീരുമാനമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide