2024 തൃശൂർ ലോകസഭ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും താൻ മന്ത്രിയാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ”ഇവിടെ കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീംകോടതിയിലേക്ക് പോകട്ടെ” എന്നും അദ്ദേഹം പ്രതികരിച്ചു. തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷമായിരുന്ന മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും ചോദ്യങ്ങൾക്ക് കമ്മീഷനാണ് മറുപടി പറയേണ്ടത്.
അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. വോട്ടര്‍ പട്ടിക വിവാദത്തിൽ ആദ്യമായി പ്രതികരിച്ച സുരേഷ് ഗോപി കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചായിരുന്നു മറുപടി.















