
കഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് കലങ്ങിമറിഞ്ഞ നേപ്പാളിൽ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒൻപത് മണിക്കായിരുന്നു സുശീല കർക്കിയുടെ സത്യപ്രതിജ്ഞ. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി. നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ച പ്രകാരമാണ് സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേറ്റത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ടു.
ജെൻ സി പ്രക്ഷോഭത്തിൽ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ നേപ്പാൾ സൈന്യം നിയന്ത്രണമേറ്റെടുത്തിരുന്നു. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു.