മുഖ്യമന്ത്രിയുടെ ‘സിംഹാസനം’ തെറിക്കാതെ ചോദ്യംചെയ്യൽ സാധ്യമല്ല, മക്കളെ ഇഡി നല്ലതുപോലെ ചോദ്യംചെയ്താൽ മണിമണി പോലെ എല്ലാം പുറത്തുവരും: സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. വിവേക് കിരണിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം നിലച്ചതിനെ ചോദ്യം ചെയ്ത സ്വപ്ന, ഒരു സാധാരണക്കാരന്റെ മകൻ ഇ.ഡി നോട്ടീസ് അവഗണിച്ചിരുന്നെങ്കിൽ അറസ്റ്റും ജയിൽവാസവും കോടതി വിചാരണയും നേരിടേണ്ടിവരുമായിരുന്നുവെന്ന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ “സിംഹാസനം” തെറിക്കാതെ ചോദ്യംചെയ്യൽ സാധ്യമല്ലെന്നും, സത്യം പുറത്തുവരുമെന്ന ഭയമാണ് മകനെയും മകളെയും സംരക്ഷിക്കാൻ കാരണമെന്നും സ്വപ്ന സുരേഷ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചു.

സ്വപ്നയുടെ കുറിപ്പിന്‍റെ പൂർണരൂപം

‘ഇപ്പഴാണോ മലയാള മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണക്കാരന്റെ മകനാണ് ഇ.ഡി നോട്ടീസ് അവഗണിച്ചിരുന്നെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ… അങ്ങനെ എന്തെല്ലാം കോലാഹലമായേനെ. മകനെയും മകളെയും ഇ.ഡി നല്ലതുപോലെ ചോദ്യംചെയ്താൽ മണിമണി പോലെ എല്ലാം പുറത്തുവരും, അത് അച്ഛന് നല്ലപോലെ അറിയാം. അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടുകൊടുക്കാത്തത്. അത് നടപ്പാകണമെങ്കിൽ അച്ഛന്‍റെ സിംഹാസനം തെറിക്കണം!

2018ൽ ഞാനും പഴയ ബോസായ യു.എ.ഇ കൗൺസിൽ ജനറലുമായിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്‍റെ ഒഫീഷ്യൽ വീട്ടിലായിരുന്നു കൂടിക്കാഴ്ച. അവിടെവെച്ച് ക്യാപ്റ്റനായ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപ്പെടുത്തി, മകൻ യു.എ.ഇയിൽ ഒരു ബാങ്കിലാണ് ജോലി ചെയുന്നതെന്നും അവന് അവിടെ സ്റ്റാർ ഹോട്ടൽ വിലക്കുവാങ്ങാൻ ആഗ്രഹമുണ്ടെന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണമെന്നും കൗൺസിൽ ജനറലിനോട് ആവശ്യപ്പെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സി.സി ടി.വി ദൃശ്യങ്ങൾ മിന്നലടിച്ചുപോയിട്ടില്ലെങ്കിൽ ഇ.ഡിക്ക് കാണാം)

പൊതുജനങ്ങൾക്കുണ്ടാകുന്ന സംശയം, ഒരു ബാങ്ക് ഉദ്യോഗസ്ഥന് യു.എ.ഇയിൽ സ്റ്റാർ ഹോട്ടൽ വാങ്ങാൻ പറ്റുമോ? ഉത്തരം, പറ്റും… അച്ഛന്‍റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണമുണ്ടെങ്കിൽ പറ്റും. വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും… നമുക്ക് കാത്തിരിക്കാം’.

Also Read

More Stories from this section

family-dental
witywide