പുതിയ ‘ശീഷ്മഹൽ’? പഞ്ചാബിൽ കെജ്‌രിവാളിനായി 7 സ്റ്റാർ ബംഗ്ലാവൊരുങ്ങുന്നുവെന്ന് സ്വാതി മലിവാളും ബിജെപിയും; വ്യാജ ആരോപണമെന്ന് എഎപി

ചണ്ഡീഗഢ്: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി ജെ പിയും എ എ പിയുമായി തെറ്റിപ്പിരിഞ്ഞ രാജ്യസഭാ അംഗം സ്വാതി മലിവാലും രംഗത്ത്. കെജ്‌രിവാൾ വ്യക്തിപരമായ ആഡംബരത്തിനായി പഞ്ചാബ് സർക്കാരിന്‍റെ സ്വത്തുക്കൾ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ചണ്ഡീഗഢിലെ സെക്ടർ 2 ൽ മുഖ്യമന്ത്രിയുടെ ക്വാട്ട ഉപയോഗിച്ച് കെജ്‌രിവാളിനായി രണ്ട് ഏക്കർ സ്ഥലത്ത് ആഡംബരപൂർണമായ ഏഴ് സ്റ്റാർ ബംഗ്ലാവ് ഒരുക്കുന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഡൽഹി ഘടകവും സ്വാതി മലിവാളും ഇക്കാര്യം എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ ആരോപിച്ചു.

കെജ്‌രിവാളിനെ പഞ്ചാബിൻ്റെ “സൂപ്പർ സി എം” എന്ന് വിശേഷിപ്പിച്ച ബി ജെ പി, സാധാരണക്കാരൻ ചമയുന്ന എ എ പി നേതാവ് വീണ്ടും മറ്റൊരു “ഷീഷ്‌മഹൽ” നിർമ്മിച്ചിരിക്കുന്നുവെന്ന് പരിഹസിച്ചു.“ഡൽഹിയിലെ ഷീഷ്‌മഹൽ ഒഴിഞ്ഞ ശേഷം, പഞ്ചാബിലെ ‘സൂപ്പർ സി എം’ അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ പഞ്ചാബിൽ കൂടുതൽ മനോഹരമായ ഷീഷ്‌മഹൽ ഒരുക്കിയിരിക്കുന്നു. ചണ്ഡീഗഢിലെ സെക്ടർ 2-ൽ മുഖ്യമന്ത്രിയുടെ ക്വാട്ടയിൽ നിന്ന് കെജ്‌രിവാളിന് 2 ഏക്കറിൽ പരന്നുകിടക്കുന്ന ഏഴ് സ്റ്റാർ സർക്കാർ ബംഗ്ലാവ് അനുവദിച്ചു” – ആരോപിക്കപ്പെടുന്ന ബംഗ്ലാവിൻ്റെ ഉപഗ്രഹ ചിത്രം പങ്കുവെച്ചുകൊണ്ട് ബി ജെ പി എക്‌സിൽ കുറിച്ചു. രാജ്യസഭാ എം പി സ്വാതി മലിവാളും ഈ ചിത്രം പങ്കുവെച്ചു. ബംഗ്ലാവിന് പുറമെ കെജ്‌രിവാൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ വിമാനം ഉപയോഗിച്ചുവെന്നും അവർ വെളിപ്പെടുത്തി.

“ഇന്നലെ ഈ വീടിൻ്റെ മുൻപിൽ നിന്ന് അദ്ദേഹം അംബാലയിലേക്ക് പോകാനായി ഒരു സർക്കാർ ഹെലികോപ്റ്ററിൽ കയറി, അവിടെ നിന്ന് പാർട്ടി ആവശ്യങ്ങൾക്കായി പഞ്ചാബ് സർക്കാരിൻ്റെ സ്വകാര്യ ജെറ്റിലാണ് ഗുജറാത്തിലേക്ക് പോയത്. ഒരാളെ സേവിക്കാനായി മുഴുവൻ പഞ്ചാബ് സർക്കാരും രംഗത്തുണ്ട്” എന്നായിരുന്നു സ്വാതി മലിവാളിന്റെ പോസ്റ്റ്.ഒരു പതിറ്റാണ്ടോളം ഡൽഹി മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാളിന് തൻ്റെ ഔദ്യോഗിക വസതിയായ 6 ഫ്ലാഗ്സ്റ്റാഫ് റോഡിൽ നടത്തിയ ആഡംബരപരമായ അറ്റകുറ്റപ്പണികളുടെ പേരിൽ ബി ജെ പിയിൽ നിന്ന് നേരത്തെയും വിമർശനം നേരിടേണ്ടി വന്നിരുന്നു. പ്രതിപക്ഷം ഈ വസതിയെയും “ഷീഷ്‌മഹൽ” എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ വർഷം ആദ്യം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടർന്ന് കെജ്‌രിവാൾ ഫ്ലാഗ്സ്റ്റാഫ് റോഡ് ബംഗ്ലാവ് ഒഴിഞ്ഞിരുന്നു. പിന്നീട് അദ്ദേഹം ലുട്ടിയൻസിലെ ഫിറോസ് ഷാ റോഡിലുള്ള പാർട്ടിയുടെ എം പി അക്കമഡേഷനിലേക്കാണ് മാറിയത്.

അതേസമയം ബിജെപിയുടെ ‘ശീഷ്മഹൽ’ ആരോപണത്തിന് ശക്തമായ ഭാഷയിലാണ് എഎപി മറുപടി നൽകിയത്. അരവിന്ദ് കെജ്‌രിവാളിന് വീട് അനുവദിച്ചുവെന്ന് സംഘപരിവാർ വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് എഎപി അഭിപ്രായപ്പെട്ടു. ബിജെപി പ്രചരിപ്പിക്കുന്ന ചിത്രം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിന്റേത് മാത്രമാണെന്നും എഎപി വിവരിച്ചു.

More Stories from this section

family-dental
witywide