തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്, നിലവിലുള്ള ഭരണസമിതികളുടെ കാലാവധി ഇന്നലെ അവസാനിച്ചു

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാവിലെ പത്തുമണിയോടെ നടക്കും. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടർന്നാണ് പുതിയ അംഗങ്ങൾ അധികാരമേൽക്കുന്നത്. ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ജില്ലാ കളക്ടർമാർ സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നൽകും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് വരണാധികാരികൾക്കാണ് ചുമതല.

ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10 മണിക്കും, കോർപ്പറേഷനുകളിൽ 11:30 നുമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നത്.

അതേസമയം, മലപ്പുറം ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ (വണ്ടൂർ, തിരൂർ ബ്ലോക്ക് പഞ്ചായത്തുകൾ, ചെക്കോട്, തൃക്കലങ്ങോട്, മംഗലം, വെട്ടം, തിരൂരങ്ങാടി, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തുകൾ) നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാത്തതിനാൽ ഇന്ന് സത്യപ്രതിജ്ഞ ഉണ്ടാകില്ല. മുനിസിപ്പൽ ചെയർപേഴ്സൺ, കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26നും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27 നുമായിരിക്കും നടക്കുക.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ഇന്ന് തന്നെ ചേരുമെന്നാണ് റിപ്പോർട്ട്. അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച അറിയിപ്പ് ഈ യോഗത്തിലുണ്ടാകും.

Swearing-in ceremony of local government representatives today.

More Stories from this section

family-dental
witywide