പ്രതിഷേധ കൊടുങ്കാറ്റിനിടെ അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം; ബോസ്കോ പൂത്തൂര്‍ ഒഴിഞ്ഞു, മേജർ ആർച്ച് ബിഷപ്പ് ഭരിക്കും, പാംപ്ലാനിക്ക് ചുമതല

അങ്കമാലി: സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കം ബിഷപ്പ് ഹൗസിലേക്കെത്തിയ പ്രതിഷേധ കൊടുങ്കാറ്റായതോടെ അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അഡ്മിനിസ്‌ട്രേഷന്‍ സ്ഥാനത്ത് നിന്നും ബോസ്‌കോ പുത്തൂരിനെ മാറ്റി. പുത്തൂരിന്‍റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ അംഗീകരിച്ചതോടെയാണ് ഭരണമാറ്റം യാഥാർത്ഥ്യമായത്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമതല മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ നേരിട്ട് നിർവഹിക്കുമെന്നും സിനഡ് അറിയിച്ചു. എന്നാൽ ഭരണ നിർവഹിക്കുന്ന ചുമതല ബിഷപ്പ് ജോസഫ് പാംപ്ലാനിക്കായിരിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായിട്ടായിരിക്കും പാപ്ലാനി ഭരണം നടത്തുക.

വിമത വിശ്വാസികൾ അടക്കമുള്ളവരുടെ ആവശ്യത്തിന് പിന്നാലെയാണ് പാംപ്ലാനിയെ നിയമിക്കാനുള്ള നടപടികളിലേക്ക് അതിരൂപത കടന്നത്. ഇതിനൊപ്പം തന്നെ എറണാകുളം അങ്കമാലി അതിരൂപതയില്‍ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. തലശ്ശേരി അതിരൂപതയുടെ ബിഷപ്പ് എന്ന ചുമതലയിലും ജോസഫ് പാപ്ലാനിക്ക് തുടരാനാകും. അതിനിടെ ബോസ്കോ പൂത്തൂര്‍ ഒഴിഞ്ഞതില്‍ വിമത വൈദികരും വിശ്വാസികലും ആഹ്ളാദ പ്രകടനം നടത്തി. സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം സംഘര്‍ഷഭരിതമായിരുന്നു. ബിഷപ് ഹൗസിനകത്ത് സമരം നടത്തിയിരുന്ന വൈദികരെ പൊലീസ് പുലര്‍ച്ചെ ബലമായി നീക്കം ചെയ്തതോടെ ആരംഭിച്ച സംഘര്‍ഷം തെരുവിലേക്ക് നീങ്ങുകയായിരുന്നു. പല തവണ പൊലീസും വൈദികരുമായി ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകരെയും വിമത വിഭാഗം കൈയ്യേറ്റം ചെയ്തു. സമരം രൂക്ഷമായതോടെ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ രാജിവെക്കുകയും ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

അതേസമയം കുർബാന തർക്കവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ബിഷപ്പ് ഹൗസിനുള്ളിൽ കയറി സമരം ചെയ്ത വിമത വൈദികർക്കെതിരെ സിനഡ് അച്ചടക്ക നടപടി സ്വീകരിച്ചു. ബിഷപ്പ് ഹൗസിനകത്ത് പ്രതിഷേധിച്ച ആറ് വൈദികരെ സിനഡ് സസ്‌പെൻഡ് ചെയ്തു. 15 വൈദികർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. സമരം ചെയ്ത ആറ് വൈദികർക്ക് കുർബാന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സിറോ മലബാർ സഭ സിനഡാണ് ബിഷപ്പ് ഹൗസിനുള്ളിലെ സമരത്തിൽ നടപടി സ്വീകരിച്ചത്.

More Stories from this section

family-dental
witywide