കന്യാസ്ത്രീകളുടെ ജാമ്യത്തിലെ ബിജെപി സ്തുതിയിൽ ബിഷപ്പ് പാംപ്ലാനിക്കെതിരെ സീറോ മലബാര്‍ സഭയിൽ വിമർശനം; പരസ്യമായി തള്ളിപ്പറഞ്ഞ് ഇരിങ്ങാലക്കുട മെത്രാൻ

തൃശ്ശൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബി ജെ പി അനുകൂല പ്രസ്താവന നടത്തിയ തലശ്ശേരി ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സീറോ മലബാർ സഭയിൽ വിമർശനം ശക്തം. മാംപ്ലാനിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞുകൊണ്ട് ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍ പരസ്യ വിമർശനം നടത്തി. വിഷയത്തിൽ സീറോ മലബാര്‍ സഭയുടെ നിലപാട് അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. സഭയുടെ നിലപാട് പറയേണ്ടത് സഭാധ്യക്ഷന്മാരാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടെ അഭിപ്രായം അല്ല. സഭക്ക് നിലപാടുണ്ട്. അത് കക്ഷിരാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല. വ്യക്തിപരമായ അഭിപ്രായങ്ങള്‍ സഭയുടെ അഭിപ്രായമല്ലെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകള്‍ക്കെതിരായ കേസ് പിന്‍വലിക്കുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്യണം. ജാമ്യം നേടാന്‍ സഹായിച്ച എല്ലാ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരോടും നന്ദി രേഖപ്പെടുത്തുന്നു. മാധ്യമങ്ങളുടെ പരിശ്രമമാണ് ഈ വിഷയത്തിലേക്ക് ജനശ്രദ്ധ തിരിക്കാനായി സാധിച്ചത്. ഹൈന്ദവ സഹോദരന്മാരെയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടതിനാലാണ് മോചനം സാധ്യമായതെന്നും മോദിയയെയും അമിത്ഷായെയും പ്രശംസിക്കുന്നുവെന്നുമായിരുന്നു കന്യാസ്ത്രീകളുടെ മോചനത്തിന് ശേഷം മാംപ്ലാനി മാധ്യമങ്ങളോട് പ്രതികരിച്ചത്.

More Stories from this section

family-dental
witywide