
ബീനാ വള്ളിക്കളം
ഷിക്കാഗോ: 2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ കൺവൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് ന്യൂജേഴ്സിയിലെ സെൻറ് ജോർജ് പള്ളിയിൽ ഡിസംബർ ഏഴിന് അതിമനോഹരമായി നടന്നു. കൺവൻഷൻ രജിസ്ട്രേഷൻ കിക്കോഫിനായി കത്തീഡ്രൽ ഇടവക വികാരിയും കൺവൻഷൻ കൺവീനറുമായ ഫാദർ തോമസ് കടുകപ്പിള്ളിൽ, മാർക്കറ്റിംഗ് ചെയർമാൻ സജി വർഗീസ്, പിആർഒ റോമിയോ കാട്ടൂക്കാരൻ എന്നിവരെ ഇടവ വികാരി ഫാദർ സിമ്മി തോമസിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ സ്വീകരിച്ചു.

കൺവൻഷന്റെ ഇടവകയിൽ നിന്നുള്ള പ്രതിനിധികളായ ജോയ് ചാക്കപ്പൻ, നിമ്മി റോയ്, ജസ്റ്റിൻ ജോസഫ്, സെലിൻ ജേക്കബ്, ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ ടോം, ജോർജ് സാബു തോമസ് എന്നിവർ എന്നിവർ കിക്കോഫ് മനോഹരം ആക്കുവാൻ നേതൃത്വം നൽകി. ഫാദർ തോമസ് കൺവൻഷന്റെ ആവശ്യകതയെ കുറിച്ചും യുവജന പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. സജി വർഗീസും, റോമിയോയും കൺവൻഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. കൺവൻഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂർണ്ണ പിന്തുണ വികാരി ഫാ: സിമ്മി തോമസ് ഉറപ്പുനൽകി.

സിറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്‌ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ബുക്കിങ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും കൺവൻഷൻ പ്രതിനിധികൾ അഭ്യർഥിച്ചു.

കൺവൻഷനൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. അമേരിക്കയിൽ എല്ലായിടത്തും ഉള്ള സീറോ മലബാർ വിശ്വാസികളെ ഒരു കുടക്കീഴിൽ ഒന്നിച്ച് ചേർക്കുന്ന ഈ മഹാസമ്മേളനം കടലുകൾക്കിപ്പുറവും വിശ്വാസവും സംസ്കാരവും ഹൃദയത്തിൽ ചേർത്തുനിർത്തുന്ന ഏവർക്കും ഒന്നിച്ചു ചേരാനും, പരസ്പര സ്നേഹം പങ്കുവയ്ക്കുവാനും, വിശ്വാസപ്രഘോഷണം നടത്തുവാനും ഉള്ള ഒരു അവസരം ആയിരിക്കും. നാല് ദിവസങ്ങളിലായി നടത്തുന്ന ഈ കൺവെൻഷനിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും യുവജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും ഒരുക്കിയിരിക്കുന്നു. രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എല്ലാ വിശ്വാസികളെയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു .

രൂപതയിലെ എല്ലാ പള്ളികളിലെയും കൺവൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി കൺവെൻഷൻ പ്രതിനിധികൾ ഇടവക സന്ദർശനം നടത്തിവരുന്നു. വിവരങ്ങൾ പങ്കുവയ്ക്കുക വഴി കൺവൻഷൻ രജിസ്ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു. പാറ്റേഴ്സൺ ഇടവകയിലെ വികാരിയച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും എന്ന വെബ്സൈറ്റ് http://www.syroConvention.org സന്ദർശിക്കാവുന്നതാണ്.




Syro-Malabar Convention kicks off at Paterson Church, New Jersey















