
ഷോളി കുമ്പിളുവേലി – ന്യൂസ് ടീം
അനന്തമായ ദൈവ പരിപാലനയിൽ, വിശ്വാസ വളർച്ചയുടെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപത സിൽവർ ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന കൺവെൻഷന് വിശ്വാസികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തു സ്‌ഥാപിതമായ ആദ്യ സിറോമലബാർ രൂപതയായ ഷിക്കാഗോ രൂപത, പ്രഥമ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റേയും തുടർന്ന് മാർ ജോയ് ആലപ്പാട്ടിന്റെയും ആത്മീയ നേതൃത്വത്തിൽ കഴിഞ്ഞ 25 വർഷങ്ങൾക്കൊണ്ട് അമേരിക്കയിലുടനീളം മാർത്തോമാ നസ്രാണി പാരമ്പര്യത്തിൽ നിലനിന്നുകൊണ്ട് ആത്മീയവും ഭൗതികവുമായ വലിയ വളർച്ചയാണ് നേടിയിട്ടുള്ളത്.

നിലവിൽ 54 ഇടവകകളും 35 ഓളം മിഷനുകളുമുള്ള ഷിക്കാഗോ രൂപതയിൽ എഴുപതിൽപ്പരം വൈദികർ ഏതാണ്ട് ഒരു ലക്ഷത്തോളും വരുന്ന വിശ്വാസികൾക്കായി സേവനം ചെയ്തുവരികയാണ്. കൂടാതെ 20 ഓളം വൈദികർ പാർട്ട്ടൈമായും സേവനം ചെയ്യുന്നുണ്ട്. രൂപതയുടെ ആരംഭം മുതൽ എല്ലാ പള്ളികളിലും മികച്ച രീതിയിൽ മതബോധന ക്ലാസുകൾ നടത്തിവരികയാണ്.
ഇപ്പോൾ പതിനായിരത്തിലധികം കുട്ടികൾ വിവിധ ഇടവകളിലായി മതബോധന ക്ലാസുകളിൽ പഠിക്കുന്നുണ്ട്. ഇവർക്കായി രണ്ടായിരത്തിഅഞ്ഞൂറോളം അദ്ധ്യാപകർ രൂപതയുടെ കീഴിലുള്ള വിശ്വാസ രൂപീകരണ മിനിസ്ട്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ആത്മീയതയിൽ അടിയുറച്ച ഈ വിശ്വാസപരിശീലനം തന്നെയാണ് രൂപതയിലുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികൾ എന്നത് സിൽവർ ജൂബിലി ആഘോഷവേളയിൽ എടുത്തുപറയേണ്ട ഒന്നാണ്.

എട്ടിൽപ്പരം തദ്ദേശീയരായ വൈദികർ ഇതിനോടകം രൂപതയിൽ സേവനംചെയ്തുവരുന്നു. അതോടൊപ്പം, പത്തിലധികം വൈദിക വിദ്യാർത്ഥികൾ മരിച്ചുവിവിധ സെമിനാരികളിലായി നിലവിൽ പഠിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ, രൂപതയുടെ കീഴിൽ ചെറുപുഷ്പ മിഷൻ ലീഗ്, യൂത്ത് അപ്പസ്തോലേറ്റ്, ഫാമിലി അപ്പസ്തോലേറ്റ്, എസ്.എം.സി.സി, സിറോമലബാർ വിമൻസ് ഫോറം, വിൻസെൻറ് ഡീപോൾ സൊസൈറ്റി, ഫോർലൈഫ് , ഫെയ്‌ത് ഫോർമേഷൻ, സീനിയർസ് ഫോറം തുടങ്ങി നിരവധി മിനിസ്ട്രികൾ ശക്തമായി പ്രവർത്തിച്ചുവരുന്നു. എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി വളരെ ഉർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു കൂരിയായും രൂപതയ്ക്ക് ഉണ്ട്.
സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ രൂപതയ്ക്ക് സ്വന്തമായി ഒരു സെമിനാരി എന്നതുൾപ്പെടെ വളർച്ചയുടെ അടുത്ത പടവുകളിലേക്കും ഷിക്കാഗോ രൂപത ശ്രദ്ധ വെക്കുകയാണ്. സിൽവർ ജൂബിലിയുടെ ഭാഗമായി, അമേരിക്കയിൽ സേവനം ചെയ്യുന്ന സിറോ മലബാർ വൈദികരുടെ സമ്മേളനം ഈ മാസം 18,19 തീയതികളിൽ മയാമിയിൽ വച്ചും സന്യസ്തരുടെ സമ്മേളനം 2026 ഏപ്രിൽ 17,18 തീയതികളിൽ ഷിക്കാഗോയിൽ വച്ചും നടത്തപ്പെടുകയാണ്. അമേരിക്കയിലെ വിവിധ ദേവാലയങ്ങളിലും കോൺവെന്റുകളിലും മറ്റു സ്‌ഥാപനങ്ങളിലുമായി ഏതാണ്ട് നാനൂറിലധികം സിറോ മലബാർ വൈദികരും സന്യസ്തരും സേവനം ചെയ്തുവരുന്നതായി കണക്കാക്കപ്പെടുന്നു.
2026 ജൂലൈ 9, 10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ്കൺവെൻഷൻ സെന്ററിലാണ് (McCormick Place) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സിറോ മലബാർ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു. പരസ്‌പരം പരിചയപ്പെടുന്നതിനും പരിചയങ്ങൾ പുതുക്കുന്നതിനും സുഹൃത് ബന്ധങ്ങൾ സ്‌ഥാപിക്കുന്നതിനുമെല്ലാം ഉപരി അമേരിക്കയിൽവളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാർ വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും ഭാഗമായി നിലനിർത്തുന്നതിനും ഷിക്കാഗോ കൺവൻഷൻ സഹായകരമാകും.
അതിലുപരി, അനന്തമായ ദൈവ പരിപാലനയിൽ, വിശ്വാസ വളർച്ചയുടെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ അവസരത്തിൽ, സിറോമലബാർ സഭാ തലവൻ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിനോടും, രൂപത അദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്പിതാവിനോടും രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിനോടും സഭയിലെ വിവിധ വൈദികരോടും സന്യസ്‌തരോടും അൽമായരോടൊപ്പവും ഒരേ കൂടാരത്തിൻ കീഴിൽ ഒരുമിച്ചിരുന്നു ദൈവത്തിനു നന്ദി പറയുന്നതിനും പ്രാർഥിക്കുന്നതിനും വചനം ശ്രവിക്കുന്നതിനും അപ്പം മുറിക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനുമുള്ള നാല് ദിനങ്ങൾ ഏറെ സന്തോഷപ്രദമാകും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന രീതിയിലാണ് കൺവൻഷനിലെ കാര്യപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
മഹത്തായ ഈ ആത്മീയ, സാംസ്കാരിക, പൈതൃക സംഗമത്തിൽ സകുടുംബം പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളേയും രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടും ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ഫാം. ജോൺ മേലേപ്പുറവും ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ്ചാമക്കാലയും ക്ഷണിച്ചു. കൺവൻഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ പുരോഗമിക്കുകയാണ്. മികച്ച പ്രതികരണമാണ് കിക്കോഫിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽബുക്കിങ് നിരക്കിൽ പ്രത്യേക ഇളവും ലഭിക്കും. ഈ ഇളവ് ഡിസംബർ 31 വരെ മാത്രമാണ് ലഭിക്കുക. ഏവരും ഈ അവസരം ഉപയോഗിക്കണമെന്ന് കൺവൻഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫാ. തോമസ് കടുകപ്പള്ളി, ചെയർമാൻ ബിജി സി. മാണി എന്നിവർ അഭ്യർഥിച്ചു.
കൺവൻഷനെ കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റർ ചെയ്യാനും താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
Syro-Malabar Diocese of Chicago celebrates Silver Jubilee; Faithful community grateful for growth, extensive Jubilee Convention from July 9 to 12, 2026
















