
കല്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡിസിസി) പുതിയ അധ്യക്ഷനായി ടി.ജെ. ഐസക്കിനെ എഐസിസി നിയമിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് ഈ തീരുമാനം അംഗീകരിച്ചതോടെ, താൽക്കാലിക അധ്യക്ഷനെ നിയമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. കല്പറ്റ നഗരസഭാ ചെയർമാനായ ടി.ജെ. ഐസകിനെ ടി. സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പിന്തുണച്ചിരുന്നു. വരാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഐസക് വ്യക്തമാക്കി. ജില്ലയിലെ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ഡിസിസിയിൽ നിലനിന്നിരുന്ന അഭ്യന്തര കലഹങ്ങൾക്കിടെയാണ് ഇന്ന് രാവിലെ അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ രാജിവെച്ചത്. രാജി സ്വന്തം തീരുമാനമാണെന്ന് അപ്പച്ചൻ അവകാശപ്പെട്ടെങ്കിലും, ഹൈക്കമാൻഡിന്റെയും കെപിസിസി നേതൃത്വത്തിന്റെയും ഇടപെടലാണ് രാജിക്ക് പിന്നിലെന്ന് സൂചനകളുണ്ട്. ഐസക്കിന്റെ നിയമനത്തോടെ, ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരാനും ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനും കോൺഗ്രസ് ശ്രമിക്കുന്നു. അപ്പച്ചനെ എഐസിസി അംഗമാക്കിയിട്ടുണ്ട്.