
കണ്ണൂർ: തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന തടിയന്‍റവിട നസീറിന് ജയിലിനുള്ളിൽ മൊബൈൽ ഫോൺ എത്തിച്ച് നൽകിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, പോലീസ് ഉദ്യോഗസ്ഥനായ എഎസ്ഐ ഷാൻ പാഷ, തീവ്രവാദ കേസുകളിലെ പ്രതികളിൽ ഒരാളുടെ ഉമ്മ എന്നിവരാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. ബെംഗളൂരുവിലും കോലാറിലും നടത്തിയ റെയ്ഡുകളെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. നസീറിന് ഫോൺ, പണം, വിവരങ്ങൾ എന്നിവ നൽകി സഹായിച്ചുവെന്നാണ് ഇവർക്കെതിരായ ആരോപണം.
കാശ്മീർ റിക്രൂട്ട്മെന്റ് കേസ്, 2008-ലെ ബംഗളുരു സ്ഫോടന പരമ്പര, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് തുടങ്ങി നിരവധി തീവ്രവാദ കേസുകളിൽ പ്രതിയാണ് തടിയന്‍റവിട നസീർ. ജയിലിൽനിന്ന് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഫോൺ ഉപയോഗിച്ചതായി എൻഐഎ കണ്ടെത്തി. ഈ സംഭവം ജയിൽ സുരക്ഷയിലെ ഗുരുതരമായ വീഴ്ചയെ വെളിപ്പെടുത്തുന്നതാണ്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.