
മുംബൈ: മുംബൈ ഭീകരാക്രമണ സമയത്ത് താൻ മുംബൈയിൽ ഉണ്ടായിരുന്നുവെന്നും പാക് സേനയുടെ വിശ്വസ്തനായിരുന്നുവെന്നും ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണ വെളിപ്പെടുത്തിയെന്ന് വിവരം. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തൽ. 2008 ലെ ഭീകരാക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്ന റാണ 2003-2004 കാലഘട്ടത്തിൽ ലഷ്‌കർ-ഇ-തൊയ്ബ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും 64 കാരനായ തഹാവൂർ റാണ വെളിപ്പടുത്തി.
ചോദ്യം ചെയ്യലിൽ ആക്രമണത്തിന് പിന്നിൽ പാകിസ്താൻ സൈന്യത്തിന് പങ്കുണ്ടെന്നും വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ താൻ സന്ദർശിച്ചിരുന്നുവെന്നും സൗദി അറേബ്യയിലേക്ക് ഖലീജ് യുദ്ധകാലത്ത് പാകിസ്താൻ സൈന്യം തന്നെ അയച്ചതായും റാണ പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.
മുംബൈ പൊലീസ് ചോദ്യം ചെയ്യലിനുശേഷം റാണയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കും.ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് റാണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിൽ കഴിയുകയാണ് റാണ. ഡി ഐ ജിയുടെ നേത്യത്വത്തിലുള്ള 12 അംഗ എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്. യുഎസിൽ നിന്ന് 2025 ഏപ്രിൽ ആണ് തഹാവൂർ റാണയെ ഇന്ത്യയിലേക്ക് എത്തിച്ചത്.
ലോസ് ആഞ്ജലിസിലെ തടങ്കൽ കേന്ദ്രത്തിലാണ് പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ കഴിഞ്ഞിരുന്നത്. 2019-ലാണ് തഹാവൂർ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നൽകിയത്. റാണയ്‌ക്കെതിരായ തെളിവുകളും രാജ്യം കൈമാറി. ഡൊണാൾഡ് ട്രംപ്- നരേന്ദ്രമോദി കൂടിക്കാഴ്ച്ചയിലും വിഷയം ചർച്ചയായി. 2025 ജനുവരി 25-നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് അനുമതി നൽകിയത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെത്തിയാൽ താൻ മതത്തിന്റെ പേരിൽ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. എങ്കിലും റാണയുടെ ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് ആവശ്യപ്പെട്ടുളള ഹർജികൾ യുഎസ് സുപ്രീംകോടതി തളളി.
ഏപ്രിൽ 10നാണ് എൻഐഎ ഉദ്യോഗസ്ഥരുടെയും എൻഎസ്ജി കമാൻഡോസിന്റെയും സുരക്ഷയിൽ പ്രത്യേക വിമാനത്തിൽ തഹാവൂർ റാണയെ ഡൽഹിയിൽ എത്തിച്ചത്. അവിടെ വെച്ച് തന്നെ എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്ത ബന്ധമുളളയാളാണ് റാണ. 2008-ൽ മുംബൈയിൽ ഭീകരാക്രമണം നടക്കുന്നതിന് തൊട്ട് മുൻപുളള ദിവസങ്ങളിൽ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാൾ ഇന്ത്യവിട്ട് ദിവസങ്ങൾക്കുളളിലാണ് മുംബൈയിൽ ഭീകരാക്രമണമുണ്ടായത്. കോൾമാനുമായി ചേർന്ന് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ അമേരിക്കയിൽ പിടിയിലായത്.