തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടക്കുന്നനിടയിലേക്ക് മന്ത്രി ശിവൻകുട്ടിയ്ക്ക് ഒരു ഫോൺകോൾ എത്തിയത് “കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി അല്ലേ? ഇത് കോയിക്കോടിന്നാണേ” – എന്ന് പറഞ്ഞ് ആരംഭിച്ച ഫോൺ സംഭാഷണത്തിൽ ‘വിദ്യാഭ്യാസ, തൊഴിൽ മന്ത്രി’ എന്ന് തിരുത്തിയാണ് മന്ത്രി സംസാരിച്ചു തുടങ്ങിയത്. അപ്പോഴാണ് ആ കുരുന്ന് അവധിക്കാലത്ത് ക്ലാസ് എടുക്കുന്നുവെന്ന തൻ്റെ പരാതിയുടെ കെട്ടഴിച്ചത്.
മോന്റെ പേരെന്താ എന്ന് മന്ത്രിയുടെ ചോദ്യത്തിന് മുഹമ്മദ് ഫർഹാൻ എന്ന് കുട്ടി മറുപടിയും നൽകി. കോഴിക്കോട് മേപ്പയ്യൂരിൽ നിന്ന് വിളിക്കുന്നതായി പറഞ്ഞ ഫർഹാന്റെ പരാതി കേട്ട മന്ത്രി എവിടെയാണ് ക്ലാസെടുക്കുന്നതെന്ന് ചോദിച്ചപ്പോൾ കീഴ്‌പയ്യൂർ എയുപി സ്കൂളിൽ എന്ന് കുട്ടി മറുപടിയും പറഞ്ഞു. എന്നാൽ അപ്പോഴേക്കും കുട്ടിയുടെ അമ്മ ഫോൺ വിളിയിൽ ഇടപെട്ടു. കുറച്ച് സമയമേ ക്ലാസ് എടുക്കുന്നുള്ളൂ എന്നും യുഎസ്എസ് ക്ലാസാണെന്നും അമ്മ വിശദീകരിച്ചു.
തുടർന്ന് കുട്ടിയുടെ കയ്യിൽ ഫോൺ കൊടുക്കാൻ മന്ത്രി ആവശ്യപ്പെട്ടു. സ്കൂളിൽ എന്റെ പേര് പറയരുതേ എന്നാവശ്യപ്പെട്ട കുട്ടിയോട് മോൻ്റെ പേരു പറയുന്ന പ്രശ്നമേയില്ല. എന്നാൽ അവധി ദിവസങ്ങളിൽ ക്ലാസെടുക്കേണ്ട എന്നു മന്ത്രി പറഞ്ഞതായി സ്കൂളിൽ പറയണമെന്നും മന്ത്രി പറഞ്ഞു. ഈ സമയം കളിക്കേണ്ട സമയമാണെന്നും എപ്പോഴും ട്യൂഷനെടുത്ത് പഠിപ്പിക്കേണ്ട കാര്യമില്ലെന്നും കുട്ടിയുടെ അമ്മയോട് മന്ത്രി സൂചിപ്പിച്ചു.
കുട്ടികൾ പഠിക്കേണ്ട സമയത്ത് പഠിക്കുകയും കളിക്കേണ്ട സമയത്ത് കളിക്കുകയും വേണമെന്ന് ഓർമിപ്പിച്ചാണ് മന്ത്രി കോൾ അവസാനിപ്പിച്ചത്. തൻ്റെ അവധിക്കാല ക്ലാസുകൾക്ക് തിരശ്ശീല വീണ സന്തോഷത്തിലാണ് മുഹമ്മദ് ഹർഹാൻ മന്ത്രിക്ക് താങ്ക്സും പറഞ്ഞ് കോൾ അവസാനിപ്പിച്ചത്.
taking class at school on vacation’; A 7th grader complained to the education minister












