
ന്യൂഡല്‍ഹി : നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ വീണ്ടും ആശങ്ക. വധശിക്ഷ റദാക്കി എന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സഹോദരന്‍ രംഗത്തെത്തിയതോടെയാണ് പുതിയ പ്രതിസന്ധി. ആരുമായി ചര്‍ച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നാണ് തലാലിന്റെ സഹോദരന്റെ ചോദ്യം.
വധശിക്ഷ റദ്ദാക്കിയതായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് പൂര്‍ണമായി റദ്ദാക്കിയതെന്ന വാര്‍ത്തയില്‍, പക്ഷേ കേന്ദ്രം വ്യക്തത വരുത്തിയിരുന്നില്ല. വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യമന്‍ പണ്ഡിതര്‍ അറിയിച്ചതായാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നത്. ദയാധനത്തിന്റെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്നും അറിയിച്ചിരുന്നു,
എന്നാല്‍, വാര്‍ത്ത തെറ്റെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശപ്പെടുന്ന സാമൂവല്‍ ജെറോമും പറഞ്ഞു.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ രംഗത്തെത്തിയതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്ത് തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.