
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയ കേസിൽ കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ഫത്താഹ് മഹ്ദി പറഞ്ഞു. ക്രെഡിറ്റ് വേണ്ടെന്ന കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രസ്താവനക്കെതിരെ മലയാള മാധ്യമവാര്‍ത്തകളടക്കം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ വെല്ലുവിളിച്ചിരിക്കയാണ് ഫത്താഹ്.
നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി ഇടപെട്ടതിൽ ചിലർ ക്രെഡിറ്റ് സമ്പാദിക്കാനായി എന്തൊക്കെയോ ചെയ്തുവെന്നും നമുക്ക് ക്രെഡിറ്റ് വേണ്ടെന്നുമായിരുന്നു കാന്തപുരം പറഞ്ഞത്. എന്നാൽ നിമിഷപ്രിയയുടെ വധശിക്ഷയെന്ന ആവശ്യത്തിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അതിൽനിന്നും പിന്നോട്ട് പോകില്ലെന്നും ഫത്താഹ് മഹ്ദി വ്യക്തമാക്കി.