
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാല പാഠഭാഗങ്ങളില്‍ നിന്ന് സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ നിരോധിച്ച് താലിബാന്‍ ഭരണകൂടം.
സ്ത്രീകള്‍ എഴുതിയ ഒരു പുസ്തകവും പഠിപ്പിക്കുന്നതിനായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പുസ്തകങ്ങള്‍ റിവ്യു ചെയ്ത കമ്മിറ്റിയിലെ ഒരു അംഗം ബിബിസി അഫ്ഗാനോട് പറഞ്ഞു. ലൈംഗീകാതിക്രമങ്ങള്‍ക്കെതിരേയും മനുഷ്യാവകാശത്തെ കുറിച്ചും പറയുന്ന പഠന ഭാഗങ്ങളും കരിക്കുലത്തില്‍ നിന്ന് താലിബാന്‍ നിരോധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാന്‍ സര്‍വകലാശാലയിലെ 680 പുസ്തകങ്ങളാണ് താലിബാന്‍ വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്ന് വിധിയെഴുതി വിലക്കിയിരിക്കുന്നത്. ഈ 680 പുസ്തകങ്ങളില്‍ 140 പുസ്തകങ്ങള്‍ എഴുതിയത് സ്ത്രീകളാണ്. മുന്‍ ഡപ്യൂട്ടി ജസ്റ്റിസ് മിനിസ്റ്ററായ സാകിയ ആദേലിയുടെ പുസ്തകങ്ങളും ഇപ്പോള്‍ താലിബാന്‍ സര്‍ക്കാര്‍ നിരോധിച്ചവയിലുണ്ട്. താലിബാനില്‍ നിന്ന് ഈ നീക്കം ഉണ്ടാവും എന്ന് അറിയാമായിരുന്നു എന്നും അവരുടെ സ്ത്രീ വിരുദ്ധ നിലപാടിന്റെ ഭാഗമാണ് ഇതെന്നും സാകിയ ബിബിസിയോട് പറഞ്ഞു.
മാത്രമല്ല, 18 വിഷയങ്ങളും സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ്, കമ്യൂണിക്കേഷനില്‍ സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം, വുമണ്‍സ് സോഷ്യോളജി എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കാണ് നിരോധനം. മത പണ്ഡിതരും വിദഗ്ധരും ചേര്‍ന്നാണ് ഈ തീരുമാനങ്ങള്‍ എടുത്തത് എന്ന് താലിബാന്‍ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി അക്കാദമിക് ഡയറക്ടറായ സിയൗര്‍ റഹ്‌മാന്‍ ആര്യൂബി പറഞ്ഞു.














