
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സര്‍ക്കാര്‍. ചൂതാട്ടവുമായി ബന്ധമുണ്ടെന്ന ആശങ്കയെത്തുടർന്നാണ് ഈ തീരുമാനം. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്‍റെ കായിക ഡയറക്ടറേറ്റ് ആണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ശരിഅത്ത് നിയമപ്രകാരം ചെസിനെ ചൂതാട്ടമായി കണക്കാക്കുന്നു. താലിബാൻ ഈ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ കായിക വകുപ്പ് വക്താവ് അത്താൽ മഷ്വാനി പറഞ്ഞു.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സദാചാര സംരക്ഷണവും ദുഷ്പ്രവൃത്തി നിരോധനവും അനുസരിച്ച് ചെസ്സും ചൂതാട്ടമായി കണക്കാക്കപ്പെടുന്നു എന്നാണ് വിശദീകരണം. ചെസ് കളിയുമായി ബന്ധപ്പെട്ട ചില മതപരമായ ആശങ്കകളുണ്ട്. അത് പരിഹരിക്കുന്നതുവരെ അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സമീപ വർഷങ്ങളിൽ അനൗദ്യോഗിക ചെസ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള കാബൂളിലെ ഒരു കഫേയുടെ ഉടമയായ അസീസ് ഗുൽസാദ, ചൂതാട്ടം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.