
ന്യൂഡല്‍ഹി: തിങ്കളാഴ്ചമുതല്‍ അഫ്ഗാനിസ്ഥാനിലുടനീളം ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍ ഭരണകൂടം. അധാര്‍മികതയ്ക്കെതിരായ താലിബാന്‍ നടപടികളുടെ ഭാഗമായാണ് രാജ്യവ്യാപകമായി ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനില്‍ ഇത്തരത്തില്‍ ഒരു നിരോധനം ഇതാദ്യമാണ്. ഇന്റര്‍നെറ്റ് നിരോധിച്ചതോടെ വിമാന സര്‍വീസുകള്‍ താറുമാറായി.
ഈ മാസം ആദ്യം, താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അധാര്‍മികത തടയുന്നതിനായി സേവനം നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് പുതിയ നീക്കം. പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനാകാത്ത വിധം കാര്യങ്ങള്‍ ഗുരുതരമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്റര്‍നെറ്റ് നിരോധനം സ്ഥിരീകരിച്ച അസോസിയേറ്റഡ് പ്രസ്, അഫ്ഗാനിലെ തങ്ങളുടെ കാബൂള്‍ ബ്യൂറോയെയും കിഴക്കന്‍, തെക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഹെല്‍മണ്ട് എന്നിവിടങ്ങളിലെ പത്രപ്രവര്‍ത്തകരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. ബാഹ്യ, ആഭ്യന്തര ആശയവിനിമയങ്ങള്‍ക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യല്‍ മീഡിയയെയും വളരെയധികം ആശ്രയിക്കുന്ന താലിബാന്‍ സര്‍ക്കാരില്‍ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.














