
ഇന്ത്യയിലെത്തിയ അഫ്ഗാനിലെ താലിബാൻ വിദേശ കാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമ പ്രവർത്തകരെ വിലക്കിയ നിലപാടിൽ മാറ്റം വരുത്തി താലിബാൻ. വാർത്താ സമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണം. കഴിഞ്ഞ ദിവസങ്ങളിലെ വാർത്ത സമ്മേളനത്തിൽ നിന്ന് വനിതകളെ വിലക്കിയത് വിവാദമായിരുന്നു. രാജ്യത്തെ പല കോണുകളിൽ നിന്നും പ്രതിഷേധവും ഉയർന്നുവന്നിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് മുത്തഖി വീണ്ടും വാർത്താസമ്മേളനം വിളിച്ചത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായാണ് അമീർ ഖാൻ മുത്തഖി ഇന്ത്യയിലെത്തിയിരിക്കുന്നത്. ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവർത്തകരേ മാത്രമാണ് ക്ഷണിച്ചിരുന്നത്. വനിത മാധ്യമപ്രവർത്തകർ ഒഴിവാക്കിയതിൽ പങ്കില്ലെന്നും, വാർത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.