കാബൂൾ: പാകിസ്‌താന് എട്ടിൻ്റെ പണിയുമായി താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിച്ചതുപോലെ അഫ്ഗാനിസ്ഥാനും നടപടി സ്വീകരിക്കുന്നത്. കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിച്ച് പാകിസ്താനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനാണ് താലിബാൻ നീക്കം. അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി കഴിയുന്നത്ര വേഗത്തിൽ അണക്കെട്ട് നിർമ്മിക്കാൻ വേണ്ടി താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദ നിർദേശം നൽകിയതായാണ് വിവരം. അഫ്ഗാൻ -പാക് അതിർത്തിയിൽ മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് പിന്നാലെയാണ് താലിബാന്റെ പുതിയ നീക്കം. സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും വിദേശ നിർമ്മാണ സ്ഥാപനങ്ങൾക്ക് പകരം രാജ്യത്തിനകത്തുള്ളവരായിരിക്കും അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നും മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സിൽ കുറിച്ചു.
വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവത നിരകളിൽ നിന്നാണ് 500 കിലോമീറ്ററോളം നീളമുള്ള കുനാർ നദി ഉത്ഭവിക്കുന്നത്. ഇത് കുനാർ, നാംഗർഹാർ പ്രവിശ്യകളിലൂടെ ഒഴുകി പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്‌ലയിലേക്ക് പ്രവേശിക്കുകയും ജലാലാബാദ് നഗരത്തിനടുത്ത് കാബൂൾ നദിയുമായി ചേരുകയും ചെയ്യുന്നു. ചിത്രാൽ നദി എന്നാണ് പാകിസ്താനിൽ ഇത് അറിയപ്പെടുന്നത്. കാബൂൾ നദി പിന്നീട് സിന്ധു നദിയുമായി ചേരുന്നു. പാകിസ്‌താനിലെ, പ്രത്യേകിച്ച് ഖൈബർ പഖ്തൂണഖ്വ പ്രവിശ്യയിലെ ജലസേചന ആവശ്യങ്ങൾക്ക് ഈ നദി നിർണായകമാണ്. കുനാർ നദിയിലെ ജലപ്രവാഹം കുറയുന്നത് സിന്ധു നദിയിലെ ജലത്തേയും പഞ്ചാബിനേയും ബാധിച്ചേക്കുമെന്നാണ് വിവരം.











