അഫ്ഗാനിൽ ഇൻ്റർനെറ്റ് പുന:സ്ഥാപിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇൻ്റർനെറ്റ് പുനഃസ്ഥാപിച്ചത് താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഭാഗികമായി കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായി ഇൻ്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്ക്സും സ്ഥിരീകരിച്ചു. ബുധനാഴ്ച‌ ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ഖത്തറിലെ മുതിർന്ന താലിബാൻ വക്താവ് സുഹൈൽ ഷഹീനും വ്യക്തമാക്കി.

നിരോധനം പിൻവലിച്ചത് അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. കാബൂളിലെ തെരുവുകളിൽ നിരവധിപേരാണ് ഒത്തുകൂടിയത്. ദൂരദേശങ്ങളിലുൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തിങ്കളാഴ്ചയായിരുന്നു താലിബാൻ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. 48 മണിക്കൂർ നീണ്ട നിരോധനം വ്യാപാരങ്ങളെയും വിമാന സർവീസുകളെയും തടസ്സപ്പെടുത്തിയിരുന്നു. അടിയന്തര സേവനങ്ങളുടെ ലഭ്യതയും പരിമിതപ്പെടുത്തി.

2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം അവകാശങ്ങൾ ഇല്ലാതാക്കപ്പെട്ട സ്ത്രീകളെയും പെൺകുട്ടികളെയും ഇത് കൂടുതൽ ഒറ്റപ്പെടുത്തുമെന്ന ഭയവും വർദ്ധിപ്പിച്ചിരുന്നു. അതേസമയം, എന്തിനാണ് സേവനങ്ങൾ നിർത്തിവെച്ചതെന്നതിന് താലിബാൻ സർക്കാരിൻ്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. എന്നാൽ, കഴിഞ്ഞ മാസം വടക്കൻ ബൽഖ് പ്രവിശ്യയിലെ താലിബാൻ ഗവർണറുടെ വക്താവ്, തിന്മകൾ തടയുന്നതിനായി ഇൻ്റർനെറ്റ് ലഭ്യത തടയുകയാണെന്ന് പറഞ്ഞിരുന്നു. വിഷയത്തിൽ അഫ്ഗാനിസ്ഥാൻ പുറം ലോകത്ത് നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടുവെന്നും അഫ്‌ഗാൻ ജനതയെ ഈ നിരോധനം ദോഷകരമായി ബാധിച്ചുവെന്നും യു എൻ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide