മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ, ‘ഒരു ഗ്രാം കൊക്കെയ്ൻ വാങ്ങിയത് 12,000 രൂപയ്ക്ക്’

ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ശ്രീകാന്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തു. താരത്തെ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ഒരു ബാറിലുണ്ടായ അടിപിടിക്കേസിൽ പിടികൂടിയ മുൻ എഐഡിഎംകെ അംഗം പ്രസാദ്, ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ് എന്നാണ് വ്യക്തമാകുന്നത്.

മുൻ എഐഡിഎംകെ അംഗമായ പ്രസാദിനെ നുങ്കമ്പാക്കത്തെ ഒരു ബാറിലുണ്ടായ അടിപിടിക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കേസെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ നടൻ ശ്രീകാന്തിന് ലഹരി നൽകിയിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. പൊലീസ് അന്വേഷണത്തിൽ ശ്രീകാന്ത് ഒരു ഗ്രാം കൊക്കെയ്ൻ 12,000 രൂപ നൽകി വാങ്ങിയെന്ന് തെളിഞെന്നാണ് വിവരം.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശ്രീകാന്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ്‌ അറസ്റ്റ് രേഖപ്പെടുത്തിയത്. നുങ്കമ്പാക്കത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം മയക്കുമരുന്ന് പരിശോധനയ്ക്കായി ശ്രീകാന്തിൽ നിന്ന് രക്തം എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രക്തപരിശോധനാ ഫലം കേസിൽ നിർണായകമാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ശ്രീകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide