
ചെന്നൈ : തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇന്നു പുലര്‍ച്ചെ കരൂരിലെത്തി. കരൂര്‍ മെഡിക്കല്‍ കോളേജില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തിയത്. കരൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിയാണ് സ്റ്റാലിന്‍ മൃതദേഹങ്ങള്‍ക്ക് ആദരമര്‍പ്പിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദര്‍ശിച്ചു.
സംഭവത്തില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണ കമ്മീഷനിലൂടെ സത്യം പുറത്തുവരും. രാഷ്ട്രീയ ലക്ഷ്യത്തോടെ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്വേഷണ കമ്മീഷനിലൂടെ സത്യം പുറത്തുവന്നുകഴിഞ്ഞാല്‍, തീര്‍ച്ചയായും കര്‍ശന നടപടിയെടുക്കും- സ്റ്റാലിന്‍ പറഞ്ഞു.
ദുരന്തത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ഞാൻ ഇവിടെ അഗാധമായ ദുഃഖത്തോടെയാണ് നിൽക്കുന്നത്. കരൂരിൽ നടന്ന ഭയാനകമായ അപകടം എനിക്ക് വിവരിക്കാൻ കഴിയില്ല. ഇന്നലെ വൈകുന്നേരം 7:45 ഓടെ, ഞാൻ ചെന്നൈയിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെ, കരൂരിൽ ഇത്തരമൊരു സംഭവം നടന്നതായി എനിക്ക് വാർത്ത ലഭിച്ചു. വിവരം ലഭിച്ചയുടനെ, മുൻ മന്ത്രി സെന്തിൽ ബാലാജിയെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു, ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. മരണസംഖ്യയെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ, സമീപത്തുള്ള മന്ത്രിമാരോട് കരൂരിലേക്ക് പോകാൻ ഞാൻ നിർദ്ദേശിച്ചു.”- സ്റ്റാലിൻ പറഞ്ഞു.
കുഴഞ്ഞു വീണ കുട്ടികളടക്കം 107 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ കരൂർ വെസ്‌റ്റ് ജില്ലാ സെക്രട്ടറി വി.പി.മതിയഴകനെതിരെ പൊലീസ് കേസെടുത്തു.