
ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേർക്കുന്നത് തടയാൻ ലക്ഷ്യമിട്ട് സുപ്രധാന ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. നിയമനിർമാണവുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ഹിന്ദി ഹോർഡിങ്ങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ തുടങ്ങിയവ നിരോധിക്കുന്നതാകും ബില്ലിന്റെ പ്രധാന ലക്ഷ്യം. പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഹിന്ദി അടിച്ചേർപ്പിനെതിരെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എന്നാൽ ഹിന്ദി അടിച്ചേർക്കലിനോട് യോജിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ നീക്കത്തെ വിമർശിച്ച് ബിജെപി നേതാവ് വിനോജ് സെൽവം രംഗത്തെത്തി. സർക്കാരിന്റെ നടപടി വിഡ്ഢിത്തവും അസംബന്ധവുമാണെന്നും ഭാഷയെ രാഷ്ട്രീയ ഉപകരണമാക്കരുതെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംകെ സർക്കാർ വിവാദമായ ഫോക്‌സ്‌കോൺ നിക്ഷേപ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭാഷാ തർക്കം ഉപയോഗിക്കുകയാണെന്നും വിനോജ് സെൽവം കുറ്റപ്പെടുത്തി. ഈ നീക്കം തമിഴ്‌നാട്ടിലെ ഭാഷാ രാഷ്ട്രീയത്തെ കൂടുതൽ ചൂടുപിടിപ്പിക്കുമെന്നാണ് വിലയിരുത്തലുകൾ.