
ഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ചൊല്ലി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടിയുമായി രംഗത്ത്. യുഎസും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുമ്പോൾ ഇന്ത്യയെ മാത്രം വിമർശിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈൻ – റഷ്യ സംഘർഷം ആരംഭിച്ചപ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതി തീരുമാനത്തെ യുഎസ് പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. ആഗോള എണ്ണ വിപണിയിൽ സ്ഥിരത കാത്തുസൂക്ഷിക്കാൻ ഇന്ത്യയുടെ ഈ നിലപാട് സഹായിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ ഊർജ സുരക്ഷയും താങ്ങാനാവുന്ന വിലയിൽ എണ്ണ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ആഗോള വിപണിയിൽ എണ്ണ വില വർധന തടയുന്നതിന് സഹായകമായെന്ന് മന്ത്രാലയം അവകാശപ്പെട്ടു. യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും റഷ്യയുമായുള്ള വ്യാപാര ബന്ധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നത് അനീതിയാണെന്ന് മന്ത്രാലയം ആവർത്തിച്ചു. ഇന്ത്യയുടെ നയം തുറന്നതും സുതാര്യവുമാണെന്നും, രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങിയതിന് ഇന്ത്യയ്‌ക്കെതിരെ തീരുവ ഉയർത്തുമെന്ന പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു . 25 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്.