
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക് സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും ഒരു സാധാരണക്കാരനെ പോലും ഓപ്പറേഷൻ സിന്ദൂരിൽ ആക്രമിച്ചിട്ടില്ലെന്നും രാജ്നാഥ് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തെ പ്രകീർത്തിച്ച പ്രതിരോധ മന്ത്രി, കൃത്യമായ ആസുത്രണത്തോടെയാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്നും വിവരിച്ചു. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും രാജ്നാഥ് സിംഗ് വിവരിച്ചു.
അതേസമയം ഓപ്പറേഷൻ സിന്ദൂർ സർജിക് സ്ട്രൈക്കിലൂടെ ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതിന് പിന്നാലെ പാകിസ്ഥാന്‍റെ പ്രത്യാക്രമണമുണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. തിരിച്ചടിക്കുള്ള സാധ്യതകൾ മുൻനിർത്തി ഇന്ത്യ എന്ത് സാഹചര്യവും നേരിടാൻ സജ്ജമായിട്ടുണ്ട്. പ്രത്യാക്രമണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായുള്ള റിപോര്‍ട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനിൽ തിരക്കിട്ട ചർച്ചകളും ഉന്നത യോഗങ്ങളും നടക്കുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്, തിരിച്ചടിക്കാന്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യവും അനുമതിയും നല്‍കിയതായും റിപ്പോർട്ടുണ്ട്.
ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യ സര്‍വസജ്ജമായിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തികളെല്ലാം ശക്തമായ സുരക്ഷയിലാണ്. അതിർത്തിയിൽ കൂടുതൽ സേനകളെ വിന്യസിച്ചു. ഇന്ത്യ നിരപരാധികളെ ഉന്നം വെച്ചെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ തിരിച്ചടിക്കൊരുങ്ങുന്നത്. ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയുടെ സഹായവും പാകിസ്ഥാന്‍ തേടിയതായാണ് വിവരം. ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിരിച്ചടിച്ചതെങ്കില്‍ പാകിസ്ഥാന്റെ തിരിച്ചടി സാധാരണക്കാരെയോ സൈനിക കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടായിരിക്കുമെന്നാണ് കുരുതുന്നത്.