”അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത് ‘മധ്യസ്ഥതയല്ല’, നമുക്ക് സ്വയം കൈകാര്യം ചെയ്യാന്‍ പൂര്‍ണ്ണമായും പ്രാപ്തിയുള്ള ഒരു സംഘര്‍ഷമായിരുന്നു ഇത്”

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് അമേരിക്ക മധ്യസ്ഥം വഹിച്ചെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപിയും മുന്‍ നയതന്ത്രജ്ഞനുമായ ശശി തരൂര്‍. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത് ‘മധ്യസ്ഥതയല്ല’, ചെറിയൊരു ഇടപെടല്‍ മാത്രമാണെന്ന് തരൂര്‍ പറയുന്നു.

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ യുഎസ് മധ്യസ്ഥത വഹിച്ചതിനാല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന് അവകാശപ്പെട്ട് ശനിയാഴ്ച ട്രംപ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കകം ലോകരാജ്യങ്ങള്‍ ഇത് ചര്‍ച്ചാവിഷയമാക്കുകയും ചെയ്തു. ട്രംപ് പോസ്റ്റ് പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇരു രാജ്യങ്ങളും ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അമേരിക്ക മധ്യസ്ഥത വഹിച്ചില്ലെന്ന് കാട്ടി വൈകാതെ ഇന്ത്യയുടെ പ്രതികരണവും എത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാര്‍ വിദേശ നേതാക്കളുമായുള്ള സംഭാഷണങ്ങളെക്കുറിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ ചൂണ്ടിക്കാട്ടി.

‘ഞാന്‍ വ്യക്തമായി പറയട്ടെ… ജയ്ശങ്കര്‍ സെക്രട്ടറി റൂബിയോയുമായി സംസാരിച്ചു. പിന്നീട് അദ്ദേഹം (റൂബിയോ) പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. സംഘര്‍ഷത്തിന്റെ ഈ മൂന്നോ നാലോ ദിവസങ്ങളില്‍ ഇത്തരം ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ അതിനര്‍ത്ഥം ഇന്ത്യ മധ്യസ്ഥത അഭ്യര്‍ത്ഥിച്ചു എന്നല്ല,’ തരൂര്‍ പറഞ്ഞു. മാത്രമല്ല, ഇന്ത്യയുടെ യുഎസുമായുള്ള സംഭാഷണങ്ങളെ മധ്യസ്ഥത എന്ന് വിളിക്കാന്‍ കഴിയില്ലെന്നും, വാഷിംഗ്ടണ്‍ വഹിച്ച ക്രിയാത്മക പങ്ക് ആണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ‘അത് മധ്യസ്ഥതയല്ല. അമേരിക്കക്കാര്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ ശ്രമിക്കുന്നു. അവരോ മറ്റേതെങ്കിലും രാജ്യമോ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍, അത് വളരെ മികച്ചതാണ്. സത്യം പറഞ്ഞാല്‍, യുഎസ് മാത്രമല്ല രാജ്യം. യുഎഇ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ജയ്ശങ്കര്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും മറ്റ് രാജ്യങ്ങള്‍ ഇരു പക്ഷവുമായും സംസാരിക്കുന്നു എന്നതാണ് വസ്തുത, അതില്‍ അവര്‍ ഓരോ രാജ്യത്തെയും മറു പക്ഷത്തെക്കുറിച്ച് അറിയിക്കുന്നു.

ഇന്ത്യ ഒരിക്കലും മധ്യസ്ഥത തേടിയില്ലായിരുന്നു, നമുക്ക് സ്വയം കൈകാര്യം ചെയ്യാന്‍ പൂര്‍ണ്ണമായും പ്രാപ്തിയുള്ള ഒരു സംഘര്‍ഷത്തില്‍ വിദേശ മധ്യസ്ഥത സ്വീകരിച്ചിട്ടുണ്ടെന്ന ആശയം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കരുതുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide