” താലിബാന്‍ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നത്, പുരുഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സാക്ഷിയുണ്ടായിരുന്നെങ്കില്‍ ഇറങ്ങിപ്പോയേനെ ”- തസ്ലിമ

ന്യൂഡല്‍ഹി : അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാത്തതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് ബംഗ്ലാദേശില്‍ നിന്ന് നാടുകടത്തപ്പെട്ട എഴുത്തുകാരി തസ്ലിമ നസ്രീനും എത്തി. താലിബാന്‍ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നതെന്നും പുരുഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് അല്‍പ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കില്‍ അവര്‍ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്ലിമ ‘എക്‌സി’ല്‍ കുറിച്ചു.

‘അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ വന്ന് ഒരു പത്രസമ്മേളനം നടത്തി. എന്നാല്‍, അദ്ദേഹം ഒരു വനിതാ പത്രപ്രവര്‍ത്തകരെയും പങ്കെടുക്കാന്‍ അനുവദിച്ചില്ല. താലിബാന്‍ ആചരിക്കുന്ന ഇസ്ലാമില്‍, സ്ത്രീകള്‍ വീട്ടില്‍ തന്നെ കഴിയുകയും കുട്ടികളെ പ്രസവിക്കുകയും ഭര്‍ത്താവിനെയും കുട്ടികളെയും സേവിക്കുകയും മാത്രമേ ചെയ്യാവൂ,’ നസ്രീന്‍ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ‘സ്ത്രീവിരുദ്ധരായ ഈ പുരുഷന്മാര്‍ വീടിന് പുറത്ത് എവിടെയും സ്ത്രീകളെ കാണാന്‍ ആഗ്രഹിക്കുന്നില്ല – സ്‌കൂളുകളിലോ ജോലിസ്ഥലങ്ങളിലോ ഒന്നും. സ്ത്രീകളെ മനുഷ്യരായി കണക്കാക്കാത്തതിനാല്‍ അവര്‍ സ്ത്രീകള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നു. പുരുഷ പത്രപ്രവര്‍ത്തകര്‍ക്ക് മനസ്സാക്ഷി ഉണ്ടായിരുന്നെങ്കില്‍, അവര്‍ പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയേനെ. നികൃഷ്ടമായ സ്ത്രീവിരുദ്ധതയില്‍ കെട്ടിപ്പടുത്ത ഒരു രാഷ്ട്രം ഒരു ക്രൂരമായ രാഷ്ട്രമാണ് – ഒരു പരിഷ്‌കൃത രാഷ്ട്രവും അത് അംഗീകരിക്കരുത്,’ തസ്ലിമ തുറന്നടിച്ചു.

More Stories from this section

family-dental
witywide