
വടകര: സ്കൂളിലെ ഓണാഘോഷത്തിനിടെ അധ്യാപകന്‍ ശകാരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥിയെ വടകര പൊലീസെത്തി രക്ഷിച്ചു. സ്‌കൂളില്‍ നടന്ന ഓണാഘോഷം അതിരു വിട്ടപ്പോള്‍ അധ്യാപകന്‍ ഇടപെടുകയും ശകാരിക്കുകയുമായിരുന്നു. ഉടനെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങി പോകുകയും കൂട്ടുകാരെ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറയുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ അധ്യാപകരെയും അധ്യാപകര്‍ ഉടന്‍ വടകര പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
മൊബൈല്‍ ടവര്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണ് വിദ്യാര്‍ത്ഥിയുടെ ലൊക്കേഷന്‍ എന്ന് കണ്ടെത്തിയ പൊലിസ് സ്ഥലത്ത് എത്തുമ്പോൾ റെയില്‍വേ പാളത്തിന് സമീപം നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പൊലീസ് അടുത്തേക്ക് ചെന്നപ്പോഴേക്കും വിദ്യാര്‍ത്ഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടുകയായിരുന്നു. ഒടുവിൽ തീവണ്ടി വരുന്നതിനിടെ കളരിപ്പാടത്തുവച്ച് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പറഞ്ഞയച്ചു.