ഫോമയിൽ മാറ്റത്തിൻ്റെ മാറ്റൊലിയുമായി ‘ടീം പ്രോമിസ്’, യുവതയുടെ ആവേശവുമായി മാത്യു വർഗീസും ടീമും രംഗത്ത്

മാറ്റമില്ലാത്തത് മാറ്റം എന്ന വാക്കിനു മാത്രം. ഒരു മാറ്റം ആഗ്രഹിക്കാത്തവർ ആരുണ്ട്? പോസിറ്റിവായ ഒരുപാട് മാറ്റങ്ങൾ പ്രോമിസ് ചെയ്ത്കൊണ്ട് ഇതാ വരുന്നു, ‘ടീം പ്രോമിസ്’. യുവതയ്ക്ക് വലിയ പ്രാധാന്യം നൽകി ഫോമായിൽ മാറ്റത്തിൻ്റെ മാറ്റൊലിയുമായി മാത്യു വർഗീസ് (ജോസ്-ഫ്ലോറിഡ) നേതൃത്വം നൽകുന്ന ടീം പ്രോമിസ് കളത്തിലിറങ്ങി. അവിഭക്ത ഫൊക്കാന, ഫോമാ, മറ്റു വിവിധ സംഘടനകൾ എന്നിവയുടെ ദേശീയ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് മാത്യു വർഗീസ് (ജോസ്-ഫ്ലോറിഡ). ടീം പ്രോമിസ് പാനലിൽ ജനറൽ സെക്രട്ടറിയായി ഫിലാഡൽഫിയയിൽ നിന്നുള്ള അനു സ്ക്കറിയയും ട്രഷററായി ന്യു യോർക്കിൽ നിന്നുള്ള ബിനോയി തോമസും വൈസ് പ്രസിഡൻ്റായി കാലിഫോർണിയയിൽ നിന്നുള്ള ജോൺസൺ ജോസഫും ജോയിൻ്റ് സെക്രട്ടറി ആയി ഡാലസിൽ നിന്നുള്ള രേഷ്മാ രഞ്ജനും ജോയിൻ്റ് ട്രഷററായി ഫ്‌ലോറിഡയിൽ നിന്നുള്ള ടിറ്റോ ജോണും മത്സരിക്കുന്നു.

സംഘടനാ രംഗത്തും സാമൂഹിക രംഗത്തും കാരുണ്യ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിച്ചിട്ടുള്ളവരാണ് എല്ലാ സ്ഥാനാർത്ഥികളും. രാജ്യത്തിന്റെ വിവിധ മേഖലകൾക്ക് പ്രാതിനിധ്യം നൽകുന്നതും യുവാക്കൾ അണിനിരക്കുന്നതുമായ ഇത്തരമൊരു പാനൽ വലിയ പ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്. നിസ്വാർഥത, ഒരുമ, കർമകുശലത ഇവയെല്ലാം കോർത്തിണക്കി സംഘടനക്ക് കൂടുതൽ കരുത്തേകുകയും സേവനരംഗത്ത് പുതിയ പന്ഥാവുകൾ വെട്ടിത്തുറന്നു മുന്നേറുകയുമാണ് ഈ പാനലിൻ്റെ ലക്ഷ്യം. നിലവിലുള്ള നല്ല പ്രോജക്ടുകൾ തുടരുകയും പുതിയവക്ക് തുടക്കമിടുകയും ചെയ്യും. ഇവിടെ വിഷമതകളിലൂടെ കടന്നു പോകുന്നവർക്ക് അത്താണിയാവുക എന്നതാണ് പ്രഥമ ലക്ഷ്യം. എന്നാൽ പിറന്ന നാടിനെ മറക്കുന്നുമില്ല.

യുഎസിലെ കേരളത്തിന്റെ പതിപ്പായ ഫ്ലോറിഡയിൽ ഒരു കൺവൻഷൻ എന്നതാണ് അടുത്ത സ്വപ്നം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാഷണൽ കമ്മിറ്റിയുടേത് ആയിരിക്കും. എല്ലാവരുമായും സൗഹൃദം തുടരുകയും സംഘടനയ്ക്ക് മികച്ച മേൽവിലാസം സൃഷ്ടിക്കുകയും ചെയ്യുക എന്ന ദൗത്യം വിജയിപ്പിക്കാൻ തങ്ങളുടെ കഴിവിന്റെ പരാമാവധി ശ്രമിക്കുമെന്ന് പാനൽ അംഗങ്ങൾ ഉറപ്പു പറയുന്നു.

മാത്യു വര്‍ഗീസ്

പതിറ്റാണ്ടുകളായുള്ള ബഹുമുഖവും സുതാര്യവുമായ സംഘടനാ പ്രവര്‍ത്തന പാരമ്പര്യമാണ് ഫോമായുടെ അമരക്കാരനാകാനുള്ള പ്രസിഡന്റ് സ്ഥാനാർഥി മാത്യു വര്‍ഗീസിന്റെ യോഗ്യത. സ്ഥാനമാനങ്ങൾ മോഹിക്കാതെ സംഘടനയിൽ അവിരാമായി പ്രവർത്തിച്ചു എന്നതും പൊതുരംഗത്തും മാധ്യമരംഗത്തും നിറഞ്ഞു നിൽക്കുന്നു എന്നതും മറ്റാർക്കും അവകാശപ്പെടാനില്ലാത്ത മികവാണ്. അതേ, മാത്യു വര്‍ഗീസ് (ജോസ് – ഫ്ലോറിഡ) അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സൗമ്യസാന്നിധ്യമാണ്. വൈവിധ്യങ്ങളെ അംഗീകരിച്ച്, എല്ലാവരുമായും സഹകരിക്കാനും, ഫോമാ കുടുംബാംഗങ്ങൾ തമ്മിൽ വിട്ടുവീഴ്ചയില്ലാത്ത സ്‌നേഹവും ഐക്യവും കെട്ടിപ്പടുക്കാനും എന്നും അരയുംതലയും മുറുക്കി മുന്നിലുണ്ടാവുമെന്ന് മാത്യു വര്‍ഗീസ് ഉറപ്പു നൽകുന്നു. അവിഭക്ത ഫൊക്കാനയുടെ 2004-2006 വര്‍ഷത്തെ ട്രഷററായി പ്രവര്‍ത്തിച്ച മാത്യു വര്‍ഗീസ് ഫോമായുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ചു. 2014 ലെ മയാമി കണ്‍വന്‍ഷന്റെ ചെയറായും 2018 ലെ ചിക്കാഗോ കണ്‍വന്‍ഷന്റെ പി ആര്‍ ഒ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാല്‍ നൂറ്റാണ്ട് മുമ്പ് ഏഷ്യാനെറ്റ് അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏഷ്യനെറ്റ് യു എസ് എയുടെ ഓപറേഷന്‍സ് മാനേജരായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് പ്രവേശിച്ചത്. ഫ്ലോറിഡയില്‍ നിന്നുള്ള ‘മലയാളി മനസി’ന്റെ പത്രാധിപരായിരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പ്രസിഡന്റായിരിക്കെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച പ്രഥമ സമ്മേളനമാണ് പില്‍കാലത്ത് നാട്ടിലും തരംഗമായിമാറിയ മാധ്യമ ശ്രീ, മാധ്യമ രത്‌ന, മീഡിയാ എക്‌സലന്‍സ് പുരസ്‌കാര ആദരങ്ങൾക്ക് വഴിമരുന്നിട്ടത്.
ഏറ്റെടുക്കുന്നതും, പ്രഖ്യാപിക്കുന്നതുമായ ജനകീയ പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ട്. അതിന്റെ തെളിവ് മാത്യു വര്‍ഗീസിന്റെ ഇതുവരെയുള്ള കരിയര്‍ ഗ്രാഫ് തന്നെയാണ്.

അനു സ്കറിയ

ഗ്രെയ്റ്റർ മലയാളി അസോസിയേഷൻ ഓഫ് ഫിലാഡഫിയയിലെ (മാപ്പ്) സജീവപ്രവർത്തകനായിരുന്ന പിതാവിൽ നിന്നാണ് സംഘടനാ പ്രവർത്തനങ്ങളെ കുറിച്ച് അനു സ്കറിയ പഠിക്കുന്നത്. കാലത്തിന്റെ കാവ്യ നീതിയെന്നവണ്ണം പിന്നീട് അനു സ്കറിയ മാപ്പിൻ്റെ പ്രസിഡൻ്റായി. ആ കാലത്തെല്ലാം മികച്ച പ്രവർത്തനം നടത്താനും യുവാക്കളെയും വനിതകളെയും സംഘടനയിലേക്കു കൊണ്ടുവരാനും കഴിഞ്ഞത് വലിയ നേട്ടമായി. ഫോമായിലും യുവാക്കളെ സംഘടിപ്പിക്കുവാൻ സാധിച്ചു. കഴിഞ്ഞ തവണത്തെ ഫോമാ ഇലക്ഷൻ കമ്മീഷണർ ആയിരുന്നു. ഫോമയുടെ മുൻ നാഷണൽ കമ്മിറ്റി അംഗമായിരുന്നു അനു സ്കറിയ. വൈവിധ്യമാർന്ന പ്രോഗ്രാമുകൾ സംഘടിപ്പിച്ച് സംഘടനക്ക് കരുത്തേകിയ വ്യക്തിത്വം കൂടിയായിരുന്നു.

അനു സ്കറിയയെ എൻഡോഴ്സ് ചെയ്ത് മാപ്പ് ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ്: ‘അനു സ്‌കറിയ നമ്മുടെ സമൂഹത്തിലെ സമര്‍പ്പിതനും ഊര്‍ജ്ജസ്വലനുമായ അംഗമാണ്. അസാധാരണമായ നേതൃഗുണം, അഴിമതിയില്ലാത്ത വ്യക്തിത്വം, സാമൂഹിക പ്രതിബദ്ധത എന്നിവ അദ്ദേഹത്തിന്റെ മികച്ച ഗുണങ്ങളാണ്. അദ്ദേഹത്തിന്റെ പ്രവർത്തനം സേവനത്തിന്റെയും ടീം സ്പിരിറ്റിന്റെയും മികച്ച ഉദാഹരണമാണ്. ഫോമായുടെ ഐക്യത്തിനും വളര്‍ച്ചക്കും അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും പ്രഫഷണലിസവും വലിയ ശക്തി നല്‍കുമെന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു”.

ബിനോയ് തോമസ്

ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയൻ ആർ.വി.പിയും ആയിരുന്ന ബിനോയ് തോമസ് ആണ് ട്രഷറർ (2026-2028) സ്ഥാനാർഥി. അമേരിക്കൻ മണ്ണിൽ നിരവധി വർഷത്തെ കലാ സാംസ്‌കാരിക നേതൃരംഗത്തെ പ്രവൃത്തിപരിചയവുമായാണ് ബിനോയ് തോമസ് മത്സരരംഗത്തെത്തുന്നത്. കോവിഡിന്റെ പ്രഭവ കേന്ദ്രമായിരുന്ന (epicenter) ന്യുയോർക്കിൽ മഹാമാരി കാലത്ത് ഫോമാ മെട്രോ റീജനെ വിജയ പാതയിലേക്ക് നയിക്കുവാൻ കരുത്തു കാണിച്ച നേതൃപാടവം ഏറെ അഭിനന്ദനം നേടിയിരുന്നു. മഹാമാരിയിൽ ദുരിതത്തിലായവർക്ക് തുണയാകാനും സഹായമെത്തിക്കാനും ഫോമായുടെ മുന്നിൽ നിന്നു പ്രവർത്തിക്കുവാനായതിൽ ബിനോയി അഭിമാനിക്കുന്നു. ബിനോയ് തോമസ് കോവിഡ് മഹാമാരിയുടെ കാലത്ത് ഫോമയുടെ ആർ വി പിയായി പ്രവർത്തിച്ച് ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. മലയാളികൾക്കിടയിൽ മികച്ച സേവനം നൽകിയതിലൂടെ ഫോമയുടെ മികച്ച ആർ വി പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. “നാടിനെ സ്നേഹിക്കാനും കേരള കലാ സാംസകാരിക രംഗത്ത് വളരുവാനും സഹായകമായത് കേരള സമാജം ഓഫ് സ്റ്റാറ്റൻഐലൻഡ് എന്ന സംഘടനയാണ്. അതുപോലെ തന്നെ നല്ല സുഹൃത്ബന്ധങ്ങളും തന്നു.കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ അമേരിക്കൻ മലയാളികളുടെ മനസ്സിൽ നിലനിർത്താനും വിധിയുടെ വിളയാട്ടത്തിൽ വീണു പോയവർക്ക് കൈത്താങ്ങാകുവാനും ഫോമാ എന്ന സംഘടനയിലൂടെ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു’ – എന്നാണ് ബിനോയ് അഭിപ്രായപ്പെട്ടത്. കേരള സമാജത്തിന്റെ മേൽക്കൂര പ്രൊജക്റ്റ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു 8 ഭവനങ്ങൾ നിർമ്മിച്ചു നൽകി. പ്രക്രുതി ദുരന്തത്തിൽ തകർന്ന വയനാട്ടിൽ സഹായമെത്തിക്കാൻ 24 ന്യുസിനൊപ്പം കേരള സമാജം പ്രവർത്തിക്കുകയുണ്ടായി.

ജോൺസൺ ജോസഫ്

ഫോമാ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ജോൺസൺ ജോസഫിനെ വെസ്റ്റേൺ റീജണൽ കമ്മിറ്റി ഔദ്യോഗികമായി നാമനിർദേശം ചെയ്‌തു. അതിന് തീർത്തും അർഹനാണ് അദ്ദേഹം, ഏവർക്കും പ്രിയങ്കരൻ, പ്രവർത്തന മികവ്, സംഘാടക മികവ്, നിശ്ചയദാർഢ്യം എന്നിവ അദ്ദേഹത്തിന്റെ കെമുതലാണ്. നിലവിൽ ആർവിപി ആണ്. കടുത്തുരുത്തി മണ്ഡലത്തില്‍ അദ്ദേഹത്തിന്റെയും സഹോദരരുടെയും വീടും രണ്ടേക്കര്‍ സ്ഥലവും കാരുണ്യ പ്രവർത്തനങ്ങൾക്കായി അടുത്തയിടക്ക് സൗജന്യമായി കൈമാറുകയുണ്ടായി. മോൻസ് ജോസഫ് എം.എൽ.എ. ആണ് ഈ വിവരം പുറത്തു വിട്ടത്. “ഒരിഞ്ചു ഭൂമിക്കു വേണ്ടി ഇന്ന് മനുഷ്യര്‍ കൊലപാതകം വരെ നടത്തുന്നു. ഈ രണ്ടേക്കര്‍ സ്ഥലം വിട്ടുകൊടുത്ത് അവിടെ നൂറോളം വരുന്ന പാവങ്ങളെ താമസിപ്പിക്കുവാന്‍ കഴിയുന്ന പ്രോജക്ട് യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നോട്ടു വരുന്നു എന്നുള്ളത് എത്ര വലിയ കാര്യമാണ്. ഇത് സംഘടനയുടെ തേജസ്സിന്റെയും മനുഷ്യനന്മയുടെയും മുഖമുദ്രയായിട്ടാണ് കാണാന്‍ കഴിയുന്നത് – മോൻസ് ജോസഫ് പറഞ്ഞതിങ്ങനെയായിരുന്നു.

രേഷ്മ രഞ്ജൻ

ജോയിൻ്റ് സെക്രട്ടറി സ്ഥാനാർഥി രേഷ്മ രഞ്ജൻ 13 ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള സാംസ്കാരിക പ്രവർത്തകയും വിദ്യാഭ്യാസ വിചക്ഷണയും പ്രഭാഷകയുമാണ്. കഴിഞ്ഞ ആറു വർഷമായി ഫോമയുടെ വിവിധോന്മുഖമായ പദ്ധതികളുമായി ബന്ധപ്പെട്ട് സ്തുത്യർഹമായ സേവനങ്ങൾ കാഴ്‌ചവച്ചിട്ടുണ്ട്. ഫോമ നാഷനൽ കമ്മിറ്റിയംഗം, ഫോമ വിമൻസ് ഫോറം സെക്രട്ടറി, എന്നിവക്ക് പുറമെ ക്യാൻസർ പ്രോജക്റ്റ് പ്രോഗ്രാം, വിദ്യാവാഹിനി സ്ക്‌കോളർഷിപ്പ് പ്രോഗ്രാം തുടങ്ങി അനേകം ജീവകാരണ്യപദ്ധതികളുടെ മുൻനിരയിൽ നിന്നു പ്രവർത്തിച്ച രേഷ്‌മ രഞ്ജനാണ് ഈ വർഷത്തെ സമ്മർ ടു കേരള പദ്ധതിക്കു അനു സ്കറിയക്കൊപ്പം നേതൃത്വമേകിയത്. ഡാലസ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകയും വിമൻസ് ഫോറം ചെയർപേഴ്സണുമാണ്. ഫോമയുടെ ബാലരാമപുരത്തെ കൈത്തറി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ധനസമാഹരണ ടീമിന്റെ ഭാഗമായിരുന്നു. ഫോമാ മയൂഖം 2021 പരിപാടിയുടെ സോഷ്യൽ മീഡിയയുടെ ഭാഗമായി പിന്നണിയിൽ പ്രവർത്തിക്കുകയൂം ചെയ്തു. ഫോമാ ടീമിന്റെ ഭാഗമാകുന്നതിലൂടെ, സമൂഹത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിലകൊള്ളുവാനും അവരുടെ ശബ്ദമാകുവാനും ആഗ്രഹിക്കുന്നു.

ടിറ്റോ ജോണ്‍

ഫോമ ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജനില്‍ നിന്നുള്ള യുവനേതാവ് ടിറ്റോ ജോണ്‍ ഫോമാ ദേശീയ ജോ. ട്രഷററായി (2026-28) മത്സരിക്കുന്നു. മികവുറ്റ നേതൃപാടവവും സംഘാടക മികവും കൈമുതലായുള്ള ടിറ്റോ ജോൺ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടും പ്രതിബദ്ധതയോടും നിറവേറ്റുന്ന വ്യക്തിത്വമാണ്. 2009 ൽ ഫോമാ യുവജനോത്സവ കമ്മിറ്റി അംഗമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ടിറ്റോ ഇപ്പോൾ നാഷണൽ കമ്മിറ്റി അംഗമാണ്. 2014-2016 കാലത്ത് നാഷണൽ കമ്മിറ്റി യൂത്ത് മെമ്പർ നിലയിൽ വ്യത്യസ്തമായ ഒട്ടേറെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. 2018-20 ൽ സൺഷൈൻ കമ്മിറ്റി അംഗം, 2020-22 സൺഷൈൻ റീജൻ ട്രഷറർ, 2022-24 സൺഷൈൻ റീജൻ ചെയർമാൻ എന്നിങ്ങനെ പടിപടിയായി നേതൃരംഗത്തേക്കു ഉയർന്നു വന്ന ടിറ്റോ വലിയ പ്രതീക്ഷയുണർത്തുന്ന യുവനേതാക്കളിൽ ഒരാളാണ്.

More Stories from this section

family-dental
witywide