കണ്ണീരണിഞ്ഞ് നാട്, ഷഹബാസിന് വിട നൽകി ജനാവലി, പൊട്ടിക്കരഞ്ഞ് കൂട്ടുകാർ; പ്രതികളായ 5 വിദ്യാർഥികളുടെയും ജാമ്യപേക്ഷ തള്ളി, ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് യാത്രമൊഴിയേകി നാട്. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഷഹബാസിന്‍റെ ഖബറടക്കം. കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയേകാൻ നാടൊന്നാകെ എത്തുകയായിരുന്നു. കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷമാണ് ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ ഖബറടക്കം നടത്തിയത്. നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ചാണ് മാറ്റിയത്.

ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ 5 വിദ്യാർഥികളുടെയും ജാമ്യപേക്ഷ നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളിയിരുന്നു. ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച അക്രമികളിൽ തിരിച്ചറിഞ്ഞ അഞ്ചുപേരെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഇവരെ രക്ഷിതാക്കളുടെ കൂടെ വിടുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ മര്‍ദനമേറ്റ ഷഹബാസ് മരിച്ചതോടെയാണ് കൊലക്കുറ്റം ചുമത്തിയതും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയതും. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതികളായ അഞ്ച് വിദ്യാഥികളെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റുംട്ട്. പ്രതികളായ വിദ്യാര്‍ത്ഥികളെ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമരശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇന്നലെ രാത്രി 12.30 ഓടെയാണ് ഷബാസിന്റെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതും ഷഹബാസിന് ജീവൻ നഷ്ടമായതും.

More Stories from this section

family-dental
witywide